വിസ്‌മയ കേസിൽ 23ന്‌ വിധിപറയും



കൊല്ലം> ഭർത്തൃവീട്ടിൽ വിസ്‌മയ കൊല്ലപ്പെട്ട കേസിൽ  മേയ്‌ 23ന്‌ വിധിപറയും . കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ്‌ കോടതിയാണ്‌ വിധിപറയുക. ഭർത്താവും ഭർത്തൃവീട്ടുകാരും  സ്‌ത്രീധനത്തിന്റെ പേരിൽ  ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന്‌ വിസ്‌മയ(24) ആത്‌മഹത്യചെയ്‌തുവെന്നാണ്‌ കേസ്‌.  2021 ജൂൺ 21ന്‌ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ്‌ കിരൺകുമാറിന് വിസ്‌മയയുടെ വീട്ടുകാർ  സ്‌ത്രീധനമായി നൽകിയ കാറ്‌ ഇഷ്‌ടപ്പെട്ടിരുന്നില്ല. കൂടാതെ  നൽകാമെന്നേറ്റ സ്വർണം ലഭിക്കാത്തതിലും ദേഷ്യമുണ്ടായിരുന്നു. 2020 മെയ്‌ 30നാണ്‌ ബിഎഎംഎസ്‌ വിദ്യാർഥിനിയായ വിസ്‌മയയെ മോട്ടോർ വാഹന വകുപ്പിൽ ഉദ്യോഗസ്ഥനായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ  കിരൺകുമാർ വിവാഹം ചെയ്‌തത്‌. നിലമേൽ കൈതോട്‌ കെകെഎംപി ഹൗസിൽ ത്രിവിക്രമൻനായരുടെയും സജിതയുടെയും മകളാണ്‌ വിസ്‌മയ. വിസ്‌മയയുടെ വീട്ടിലെത്തിയ കിരൺ, സ്‌ത്രീധനമായി കിട്ടിയ കാറിന്റെ പേരിൽ വിസ്‌മയയുടെ അച്ഛനെ അസഭ്യം പറഞ്ഞതിനും സഹോദരനെ മർദിച്ചതിനും ചടയമംഗലം എസ്‌ഐയെ ഭീഷണിപ്പെടുത്തിയതിനും തെളിവുകളുണ്ട്‌. ആത്‌മഹത്യാ പ്രേരണ, സ്‌ത്രീധന പീഡനം, ഭീഷണിപ്പെടുത്തൽ ,മർദനം തുടങ്ങിയ  കുറ്റങ്ങളാണ്‌ കിരൺകുമാറിന്‌ നേരെയുള്ളത്‌. കേസിൽപെട്ടതിനെ തുടർന്ന്‌ ഇയാളെ സൾവീസിൽനിന്ന്‌ പിരിച്ചുവിട്ടിരുന്നു. ഒന്പതുമാസം ജയിലിലായിരുന്ന കിരണിന്‌ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.  കേസിൽ കിരൺകുമാറിന്റെ അച്‌ഛൻ സദാശിവൻ പിള്ള, അമ്മ ബിന്ദുകുമാരി, സഹോദരി  കീർത്തി, സഹോദരി ഭർത്താവ്‌ മുകേഷ്‌ എം നായർ, ബന്ധു അനിൽകുമാർ എന്നിവർ കേസിൽ സാക്ഷികളാണ്‌. Read on deshabhimani.com

Related News