പേവിഷബാധമൂലം വിദ്യാർഥിനിയുടെ മരണം: വാക്‌സിൻ നൽകിയതിൽ പിഴവില്ല



പാലക്കാട്‌> അയൽവീട്ടിലെ വളർത്തുനായ കടിച്ച്‌ പേവിഷബാധയേറ്റ്‌ ബിസിഎ വിദ്യാർഥി മരിച്ച സംഭവത്തിൽ വാക്‌സിനെടുത്തതിൽ വീഴ്‌ചയില്ലെന്ന്‌ അന്വേഷണ റിപ്പോർട്ട്‌. ഡിഎംഒ കെ പി റീത്തയുടെ നേതൃത്വത്തിലാണ്‌ വിദ്യാർഥിയുടെ മങ്കരയിലെ വീട്ടിലെത്തി വിവരം ശേഖരിച്ചത്‌. ശനിയാഴ്‌ച ആരോഗ്യവകുപ്പിന്‌ റിപ്പോർട്ടിന്‌ നൽകും. മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണൻ–- സിന്ധു ദമ്പതികളുടെ മകൾ ശ്രീലക്ഷ്‌മി(19)യാണ്‌ വെള്ളിയാഴ്‌ച തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരിച്ചത്‌.  കടിയേറ്റ ദിവസം മുറിവ് വൃത്തിയാക്കിയിരുന്നു. കൃത്യമായ ഇടവേളകളിൽ വാക്സിൻ നൽകിയിട്ടുണ്ട്. വീട്ടിൽ വളർത്തിയ തെരുവുനായയ്‌ക്ക് വാക്സിനെടുത്തിട്ടില്ലെന്ന് കണ്ടെത്തി. നാട്ടുകാർ തല്ലിക്കൊന്നതിനാൽ പട്ടിയുടെ സ്വഭാവ പഠനവും പേവിഷബാധ പരിശോധനയും നടക്കില്ല. രോഗിയും നായയുമായി ഇടപഴകിയവർക്ക് പ്രതിരോധകുത്തിവയ്‌പ്‌ നൽകും. ചികിത്സയ്ക്കിടെ മുറിവേറ്റ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്ക് കുത്തിവയ്‌പെടുത്തു. മെയ് 30നാണ് ശ്രീലക്ഷ്മിയെ വളർത്തുനായ കൈവിരലിൽ കടിച്ചത്. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ വാക്‌സിൻ എടുത്തു. കൂടുതൽ മുറിവുണ്ടായിരുന്നതിനാൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സിറവും കുത്തിവച്ചു. പിന്നീട് മൂന്ന് ഡോസ് വാക്‌സിൻകൂടി എടുത്തു. ജൂൺ ഇരുപത്തേഴിനകം എല്ലാ വാക്‌സിനും സ്വീകരിച്ചെങ്കിലും പിറ്റേന്നുമുതൽ പനി തുടങ്ങി. മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ചു. അന്വേഷണത്തിനായി രൂപീകരിച്ച റാപ്പിഡ് റെസ്‌പോൺസ് ടീം വെള്ളിയാഴ്ച ശ്രീലക്ഷ്മിക്ക് നൽകിയ ചികിത്സയുടെ വിശദാംശങ്ങൾ  വിലയിരുത്തി. Read on deshabhimani.com

Related News