വർക്കലയിൽ വിവിധ ബീച്ചുകളിൽ മൂന്ന് പേർ മുങ്ങി മരിച്ചു; ഒരാളുടെ നില ഗുരുതരം

ഡോ. അജയ് വിഘ്നേഷ്, അജീഷ്, മാഹീൻ


വർക്കല > വർക്കലയിൽ വിവിധ ബീച്ചുകളിലായി തമി‌ഴ്‌നാട് സ്വദേശിയായ ഡോക്‌ടറടക്കം മൂന്ന് പേർ മുങ്ങി മരിച്ചു. ഇടവ ഓടയം ബീച്ചിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ ദന്ത ഡോക്‌ടർ ചുഴിയിൽ പെട്ട് മരണപ്പെട്ടു. തമിഴ്‌നാട് കോയമ്പത്തൂർ പല്ലടം സ്വദേശി ദന്തഡോക്‌ടർ അജയ് വിഘ്‌നേഷ്‌ (24) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ബാലാശിവരാമൻ (23)ന്റെ നില അതീവ ഗുരുതരം. ഞായറാഴ്‌ച വൈകിട്ട് 4ന് ഓടയം ബീച്ചിലാണ് അപകടം. പാപനാശം കടലിൽ തിരയിൽപെട്ട് വർക്കല രഘുനാഥപുരം സ്വദേശി അജീഷ്(29), കാപ്പിൽ കടലിൽ കുളിക്കാനിറങ്ങിയ ആലംകോട് പുതിയ തടം ഡ്രീംമഹലിൽ മാഹിൻ (30) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം തമിഴ്‌നാട് സ്വദേശികളായ നാല്‌ ബാല്യകാല സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസ യാത്രയ്‌ക്കായി വർക്കലയിൽ എത്തിയതായിരുന്നു അജയ്‌. പാപനാശം മറൈൻ പാലസ് റിസോർട്ടിലായിരുന്നു താമസം. കടലിൽ കുളിക്കാനെത്തി സുഹൃത്തുകൾ കുളി കഴിഞ്ഞു കരയ്ക്കെത്തിയ ശേഷം അജയ് വീണ്ടും കുളിക്കാൻ കടലിലേക്ക് ഇറങ്ങുകയായിരുന്നു. ഒപ്പം ബാല ശിവരാമനുമിറങ്ങി. കുളിക്കുന്നതിനിടയിൽ ഇവർ പെട്ടെന്നുണ്ടായ തിരയിൽപെട്ട് കടലിൽ താഴ്ന്നു പോയി. നല്ല ചുഴിയുള്ള സ്ഥലം കൂടിയാണിവിടം. സുഹൃത്തുക്കൾ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയാണ് രണ്ടുപേരെയും കരയ്‌ക്ക് എത്തിച്ചത്. ആംബുലൻസിൽ ശ്രീനാരായണ മിഷൻ ഹോസ്‌പിറ്റലിൽ എത്തിച്ചപ്പോഴേക്കും അജയ് വിഘ്‌നേഷ്‌ മരണപ്പെട്ടു. അയിരൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തിവരുന്നു. ദന്ത ഡോക്‌ടർ കൂടിയായ അജയ് വിഘ്‌നേഷിന് അമ്മയും സഹോദരിയുമുണ്ട്. ഗുരുതര അവസ്ഥയിലുള്ള ബാല ശിവരാമൻ മെക്കാനിക്കൽ എൻജിനീയറാണ്. മറ്റ്സുഹൃത്തുക്കളിൽ 2 പേർ ഐ ടി മേഖലയിൽ ജോലി ചെയ്യുന്നവരും ഒരാൾ വിദ്യാർഥിയുമാണ്. വൈകിട്ട് 5.45 ഓടെ പാപനാശം ബീച്ചിന് ചേർന്നുള്ള ഏണിക്കല്ല് കടൽ തീരത്ത് സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ അജീഷ് തിരയിൽ അകപ്പെടുകയായിരുന്നു. ഒപ്പം കുളിച്ചു കൊണ്ടിരുന്ന സുഹൃത്ത് മറ്റൊരു സുഹൃത്തിനെ കണ്ട് കരയിലേക്ക് കയറുമ്പോഴാണ് കുളിച്ചുകൊണ്ടു നിന്ന അജീഷ് തിരയിൽപെടുന്നത്. തുടർന്ന് പ്രദേശത്തെ ലൈഫ് ഗാർഡുകൾ രക്ഷിച്ച് ശ്രീ നാരായണ മിഷൻ ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.  മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈകിട്ട് 6.30 ഓടെയാണ് മാഹീൻ മുങ്ങി മരിക്കുന്നത്. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മാഹിൻ മുങ്ങിപ്പോവുകയായിരുന്നു.  രക്ഷാപ്രവർത്തനത്തിലൂടെ ഏഴരയോടെ മൃതദേഹം കണ്ടെടുത്ത് വർക്കല താലൂക്കാശുപത്രിയിലേക്ക് മാറ്റി. Read on deshabhimani.com

Related News