നയതന്ത്ര ബാഗേജ്‌ : ബിജെപിക്കൊപ്പം വെട്ടിലായത്‌ കോൺഗ്രസും



തിരുവനന്തപുരം നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്തുകേസിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ നിലപാടിനെ കേന്ദ്രസർക്കാർതന്നെ തള്ളിയതോടെ ബിജെപിക്കൊപ്പം വെട്ടിലായത്‌ കോൺഗ്രസും. സംസ്ഥാന സർക്കാരിനെതിരെ ഒളിഞ്ഞും തെളിഞ്ഞും തെരുവുയുദ്ധത്തിന്‌ കച്ചകെട്ടിയിറങ്ങിയ ഒക്കച്ചങ്ങാതിമാർക്ക്‌ കിട്ടിയ പ്രഹരമായി ധനമന്ത്രാലയം പാർലമെന്റിൽ നടത്തിയ വെളിപ്പെടുത്തൽ. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കസ്റ്റംസ് കമീഷണർ ജൂലൈയിൽതന്നെ വിദേശമന്ത്രാലയത്തെ അറിയിച്ചിരുന്നെന്നാണ്‌  ധനമന്ത്രാലയം പാർലമെന്റിനെ അറിയിച്ചത്‌.  അന്വേഷണം അട്ടിമറിക്കാൻ വി മുരളീധരൻ ബോധപൂർവം നടത്തിയ ഇടപെടലാണിതെന്ന സംശയം ബലപ്പെട്ടു. കേസ് എൻഐഎ-യെ ഏൽപ്പിച്ച ഉത്തരവിൽ ആഭ്യന്തര മന്ത്രാലയവും നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണം  കടത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. ഇതെല്ലാമറിഞ്ഞിട്ടും വിദേശമന്ത്രാലയത്തിലെ സഹമന്ത്രിയായ മുരളീധരൻ നേരെ വിരുദ്ധമായ നിലപാട്‌ സ്വീകരിച്ചത്‌ ദുരൂഹമാണ്‌. യുഎഇ അറ്റാഷെ നാടുവിട്ടതടക്കം ഒരു വിഷയത്തിലും വിദേശമന്ത്രാലയത്തിന്‌ പങ്കില്ലെന്ന്‌ അവകാശപ്പെട്ട മുരളീധരൻ എല്ലാ കുറ്റവും ആഭ്യന്തര മന്ത്രാലയത്തിന്റെമേൽ ചാർത്താനാണ്‌ ടിവി അഭിമുഖത്തിൽ ശ്രമിച്ചത്‌. നയതന്ത്ര ബാഗേജല്ലെന്ന് പറയാൻ ഉപദേശിച്ച ആർഎസ്‌എസ്‌ ചാനൽ തലവൻ അനിൽ നമ്പ്യാരെ കേസിൽ ചോദ്യം ചെയ്‌തിരുന്നു. ഇതിനുശേഷം വി മുരളീധരൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുമില്ല. സ്വർണക്കടത്തിൽ ബിജെപിക്കും മുരളീധരനുമുള്ള പങ്ക്‌ അന്വേഷിക്കണമെന്ന്‌ ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അന്ന്‌ എന്നപോലെ ഇപ്പോഴും വി മുരളീധരനോ ബിജെപി നേതാക്കൾക്കോ എതിരെ വിമർശനം ഉന്നയിക്കാനോ ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെടാനോ കോൺഗ്രസ്‌ തയ്യാറായിട്ടില്ല. ലോക്‌സഭയിൽ യുഡിഎഫ് എംപിമാർക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാർ മുരളീധരന്റെ വാദങ്ങളെ തള്ളിയിരിക്കുന്നത്‌. എന്നിട്ടും ബിജെപിക്കെതിരെ ഒരക്ഷരംപോലും ഉരിയാടാത്തത്‌ അവിശുദ്ധ ബാന്ധവത്തിന്‌ പ്രത്യക്ഷ തെളിവായി മാറുകയാണ്‌. Read on deshabhimani.com

Related News