നടിയെ അക്രമിച്ച കേസ്‌ : നടപടികൾക്ക്‌ ചടുല വേഗം



കൊച്ചി ലൈംഗികകുറ്റകൃത്യത്തിന്‌ ക്വട്ടേഷൻ നൽകിയ രാജ്യത്തെ ആദ്യകേസായിരുന്നു നടൻ ദിലീപുൾപ്പെടെ പ്രതിയായ നടിയെ അക്രമിച്ച കേസ്‌. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ സംഭവം നടന്നതുമുതൽ അതിജീവിതയ്‌ക്ക്‌ നിയമപരമായും സാമൂഹ്യമായും പിന്തുണ നൽകി കൂടെനിന്നത്‌ എൽഡിഎഫ്‌ സർക്കാരായിരുന്നു. സിനിമാമേഖലയിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ ജസ്‌റ്റിസ്‌ ഹേമ കമീഷനെ നിയമിച്ചതും എല്‍ഡിഎഫ് സർക്കാരാണ്‌. നെടുമ്പാശേരി പൊലീസ്‌ 297/2017 നമ്പരായി രജിസ്‌റ്റർ ചെയ്‌ത കേസിന്റെ അന്വേഷണച്ചുമതലയിൽ വനിതാ ഐപിഎസ്‌ ഓഫീസറെ നിയോഗിച്ചതുമുതൽ വിചാരണയ്‌ക്ക്‌ വനിതാ ജഡ്‌ജിയെ നിയമിച്ചതും പ്രോസിക്യൂട്ടറെ നിയമിച്ചതും എൽഡിഎഫ്‌ സർക്കാരായിരുന്നു. എറണാകുളത്ത്‌ പ്രത്യേക കോടതിയെ നിയോഗിക്കാനും സർക്കാർ തയ്യാറായി.  കേസിൽ 15 പ്രതികളാണുള്ളത്‌. എട്ടാംപ്രതി നടൻ ദിലീപ്‌ അറസ്‌റ്റിലായി  85 ദിവസം ആലുവ സബ്‌ജയിലിൽ കഴിഞ്ഞു. 2017 ഫെബ്രുവരി 17ന്‌ രാത്രിയാണ്‌ കൊച്ചി നഗരത്തിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. വ്യക്തിവൈരാഗ്യം തീർക്കാൻ 2013ലാണ്‌ സുനിക്ക്‌ ദിലീപ്‌ ക്വട്ടേഷൻ നൽകിയതെന്ന്‌ പൊലീസ്‌ കണ്ടെത്തി. ഒന്നാംപ്രതി സുനിൽകുമാറാണ്‌ (പൾസർ സുനി) പൊലീസിന്‌ ഈ മൊഴി നൽകിയത്‌.  385 സാക്ഷികളുള്ള കേസിന്റെ വിചാരണ, കോടതിയിൽ തുടരുന്നതിനിടെയാണ്‌ നടിയെ ആക്രമിച്ച ദൃശ്യം ദിലീപും കൂട്ടാളികളും ആലുവയിലെ വീട്ടിൽവച്ച്‌ കണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചു എന്നും സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്‌. ഇതോടെ ദിലീപിന്റെ കൂട്ടാളിയും വ്യാപാരപങ്കാളിയുമായ ശരത്‌ ജി നായരെ 15–-ാംപ്രതിയാക്കി അറസ്‌റ്റ്‌ ചെയ്‌തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന്‌ ദിലീപിനെ ഒന്നാംപ്രതിയാക്കി ആറുപേർക്കെതിരെ ക്രൈംബ്രാഞ്ച്‌ സ്വമേധയാ കേസെടുത്തു. മൂന്നുദിവസം 33 മണിക്കൂര്‍ ദിലീപിനെ ചോദ്യംചെയ്തു. വിചാരണ നീട്ടിക്കൊണ്ടുപോകാനും തെളിവ്‌ നശിപ്പിക്കാനും പ്രതിഭാഗം ശ്രമം നടത്തിയപ്പോഴൊക്കെ നടിക്കൊപ്പമായിരുന്നു  സർക്കാർ. സാക്ഷികളെ സ്വാധീനിച്ചതിനും തെളിവ്‌ നശിപ്പിച്ചതിനും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപേക്ഷ കോടതിയുടെ പരിഗണനയിലാണ്‌. അറസ്‌റ്റിലാകുന്നതിനുമുമ്പ്‌ ദിലീപിനെ സഹായിക്കാനെത്തിയത്‌ ആലുവയിലെ കോൺഗ്രസ്‌ നേതാക്കളും എംഎൽഎയുമായിരുന്നു. കോളേജ്‌ വിദ്യാഭ്യാസകാലംമുതൽ കോൺഗ്രസ്‌ ബന്ധം പുലർത്തുന്നയാളാണ്‌ ദിലീപ്‌. ഇതുവരെയുള്ള അന്വേഷണത്തിൽ അതിജീവിത തൃപ്‌തിയും രേഖപ്പെടുത്തിയിട്ടുണ്ട്‌.   Read on deshabhimani.com

Related News