ഡിജിറ്റൽ സയൻസ്‌ പാർക്ക്‌ 3 വർഷത്തിനകം ; ഐടി പാർക്കുകളിൽ ഒരു കോടി ചതുരശ്രയടി 
 ഇടം

ഡിജിറ്റൽ സർവകലാശാല file photo


തിരുവനന്തപുരം രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. 1515 കോടി ചെലവിൽ ടെക്നോസിറ്റിയിലെ 14 ഏക്കറിൽ ഡിജിറ്റൽ സർവകലാശാലയോട് ചേർന്നാണ് പാർക്ക് ആസൂത്രണം ചെയ്യുന്നത്. പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെയും വ്യവസായമേഖലയുടെയും സഹകരണം പ്രതീക്ഷിക്കുന്നു. സർക്കാർ ഐടി പാർക്കുകളിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഒരു കോടി ചതുരശ്രയടിയിൽ ഇടം പൂർത്തിയാക്കും. ഇതുവഴി 75,000 പേർക്ക്‌ നേരിട്ടും 2.16 ലക്ഷം പേർക്ക്‌ പരോക്ഷമായും തൊഴിൽ ലഭിക്കും. ഗ്രാഫിൻ ഇന്നൊവേഷൻ സെന്ററിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്‌. ക്ലീൻ റൂം നിർമാണം ആരംഭിച്ചു. ഒക്ടോബറോടെ സെന്റർ പൂർണ തോതിൽ പ്രവർത്തനമാരംഭിക്കും. ഗ്രാഫിൻ അനുബന്ധ ഗവേഷണത്തോടൊപ്പം ചെറിയ വ്യവസായ സംരംഭകർക്ക് സഹായവും ലഭ്യമാകും. കെ ഫോൺ പദ്ധതിയിൽ 11,832 ഓഫീസിൽ ഇന്റർനെറ്റ് കണക്‌ഷൻ നൽകി. 26,759 സ്ഥാപനത്തിൽ അനുബന്ധ ഉപകരണം സ്ഥാപിച്ചു.  ഓരോ നിയമസഭാമണ്ഡലത്തിലെയും 100 കുടുംബത്തിനുവീതം സൗജന്യ കണക്‌ഷൻ നൽകാൻ ഗുണഭോക്താക്കളെ കണ്ടെത്തുന്ന നടപടി പുരോഗമിക്കുകയാണ്. നോളജ് ഇക്കോണമി മിഷനിലൂടെ‌ ഇതുവരെ 32,235 ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. Read on deshabhimani.com

Related News