‘ആനകളെ അറിയാം, ധോണിയുമായും കൂട്ടാകും’ ; പാപ്പാന്മാർ പണി തുടങ്ങി



പാലക്കാട് ‘ഇവനുമായി ഞങ്ങൾ കൂട്ടാകും. ആനയെ പേടിയില്ല. ചെറുപ്പംമുതൽ ആനയെ കാണുന്നുണ്ട്. അവർക്കിടയിലാണ് ജീവിച്ചത്. ധോണിയെ മെരുക്കുന്ന കാര്യം പറയുമ്പോൾ മാധവനും മണികണ്ഠനും ആത്മവിശ്വാസമേറെ. ഇവരാണ്‌ ധോണിയുടെ പുതിയ പാപ്പാന്മാർ. തമിഴിലാണ് ഇരുവരും സംസാരിക്കുന്നത്. ആനയ്‌ക്കുള്ള നിർദേശങ്ങളും തമിഴിൽ. വനം വകുപ്പാണ് ആനമല ടോപ്‌ സ്ലിപ്പിലെ കോഴികമിത്തിയിൽനിന്ന് ഇവരെ തെരഞ്ഞെടുത്തത്. അവിടത്തെ ആനക്യാമ്പിനോട് ചേർന്ന കോളനിയിൽ ജനിച്ചുവളർന്നതിനാൽ ആനകളുമായി ഇടപഴകി ശീലമുള്ളവരാണ് ഇരുവരും. നോവിച്ചുള്ള ചട്ടം പഠിപ്പിക്കലിന് പകരം സ്നേഹത്തിന്റെ ഭാഷയിൽ അനുനയിപ്പിച്ചാണ് മെരുക്കുക. മാധവന്റെയും മണികണ്ഠന്റെയും സഹോദരങ്ങളും ബന്ധുക്കളുമെല്ലാം ആന പരിപാലകരാണ്‌. മദപ്പാടിലായതിനാൽ മിക്കപ്പോഴും അക്രമാസക്തനാണ് ധോണി. ആനക്കൂട്ടിലായതിന്റെ എല്ലാ പ്രശ്നവുമുണ്ട്. മയക്കുവെടിവച്ചതിന്റെ ചെറിയ മുറിവുകൾ ഉണങ്ങാനുള്ള മരുന്നുകളും നൽകുന്നുണ്ട്. ഇടവിട്ട ദിവസങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഫോറസ്‌റ്റ്‌ അസി. കൺസർവേറ്റർ ബി രൺജിത് പറഞ്ഞു. ധോണിയെ കാണാൻ ബേസ് ക്യാമ്പിലേക്ക് ആളുകളുടെ ഒഴുക്കാണ്. ആനയുടെ ആരോഗ്യവും മാനസികാവസ്ഥയും പരിഗണിച്ച്‌ അടുത്ത ദിവസംമുതൽ ജനങ്ങൾക്കുള്ള പ്രവേശനം നിരോധിക്കും. ഇതിനായി പ്രത്യേകം വേലി കെട്ടും.  ആനയെ മയക്കുവെടിവയ്‌ക്കാൻ നേതൃത്വം നൽകിയ ഡോ. അരുൺ സഖറിയയും സംഘവും വയനാട്ടിലേക്ക് മടങ്ങി. കോർമ അരിമണി പ്രദേശങ്ങളിൽ ആനകൾ ഇറങ്ങുന്നുണ്ട്. പി ടി–-ഏഴിനെ പിടിച്ചശേഷം പുറത്തെത്തിക്കാൻ തൂക്കുവേലി അഴിക്കേണ്ടിവന്നതിനാൽ തിങ്കളാഴ്ച വൈകിട്ട് അതുവഴി ഒറ്റയാൻ പുറത്തെത്തി. വേലി ചൊവ്വാഴ്ച പുനഃസ്ഥാപിച്ചു. പി ടി–-ഏഴിനെ പൂട്ടിയെങ്കിലും കൂടുതൽ ആനകൾ കാടിറങ്ങാതിരിക്കാൻ വനാതിർത്തിയിൽ ദ്രുതപ്രതികരണസേനയുടെ (ആർആർടി) കാവൽ ശക്തിപ്പെടുത്തി. Read on deshabhimani.com

Related News