ധീരജ്‌ വധം: കൊലപാതകത്തിന്‌ പിന്നിൽ ആസൂത്രണവും ഗൂഢാലോചനയും

എസ്എഫ്ഐ പ്രവർത്തകൻ ആർ ധീരജിനെ കൊലപ്പെടുത്തിയ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്കായി എത്തിച്ചപ്പോൾ


ചെറുതോണി > ധീരജിന്റെ കൊലപാതകത്തിനു പിന്നിൽ കോൺഗ്രസിന്റെ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും. മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ചാണ് നിഖിൽ പൈലിയുടെ നേതൃത്വത്തിൽ 12 പേർ മാരകായുധങ്ങളുമായി ക്യാമ്പസിലെത്തിയത്. ഒരു പ്രകോപനവുമില്ലാതെ ക്യാമ്പസിനുള്ളിലേക്ക് കടന്നുകയറി എസ്എഫ്ഐ നേതാക്കളെ മാറിമാറി കുത്തുകയായിരുന്നു. അറസ്റ്റിലായ ജെറിൻ ജോജോ അന്തരിച്ച പി ടി തോമസിന്റെ ബന്ധുവാണ്‌. ഒപ്പമുള്ളവർ തേച്ചുമിനുക്കിയ കഠാര കൈയിൽ കരുതിയാണ് ക്യാമ്പസിലേക്ക് ഓടിക്കയറിയത്. വോട്ടണ്ണെൽ കഴിഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ കൂട്ടമായി വിജയാഹ്ലാദ പ്രകടനവുമായി വരുമ്പോൾ ആക്രമിക്കാൻ കഴിയില്ലെന്നറിഞ്ഞാണ്‌ പോളിങ്ങിനും വോട്ടെണ്ണലിനും ഇടയിലുള്ള സമയം കൊലപാതകത്തിനായി തെരഞ്ഞെടുത്തത്. ക്യാമ്പസിനുള്ളിൽ ഒരുവിധ സംഘർഷങ്ങളും വിദ്യാർഥികൾ തമ്മിൽ ഉണ്ടായിരുന്നില്ലെന്ന് എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. എം ജെ ജലജയുടെ സാക്ഷ്യപ്പെടുത്തലും ആക്രമണം നേരത്തെ നടത്തിയ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് അടിവരയിടുന്നു. ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ നിഖിൽ പൈലി ഒരാഴ്ചയായി ക്യാമ്പസിനുള്ളിൽ വന്നുപോയിരുന്നെന്ന്‌ വിദ്യാർഥികൾ പറയുന്നു. നിഖിൽ കൊലപാതകശേഷം കലക്‌ട‌റേറ്റിലേക്ക് ഓടിക്കയറുകയും ആരുടെയോ സഹായത്താൽ ചെറുതോണിയിലെത്തി എറണാകുളം ജില്ലയിലേക്ക് കടക്കുന്നതിനിടെയിലാണ് പിടിയിലായത്. കൊലപാതകം നടന്ന് 48 മണിക്കൂർ പിന്നിട്ടിട്ടും ഇടുക്കി ജില്ലയിലെ കോൺഗ്രസ് നേതൃത്വം കൊലപാതകത്തെ അപലപിക്കുകയോ തള്ളിപ്പറയുകയോ ചെയ്‌തിട്ടില്ല. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടും നിഖിൽ പൈലിയെ പുറത്താക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറായിട്ടില്ല. ഡീൻ കുര്യാക്കോസ് എംപിയുമായി നേരിട്ട് ബന്ധമുള്ള സംഘമാണ് പുറത്തുനിന്ന്‌ ക്യാമ്പസിലെത്തി കൊല നടത്തിയത്. സംഭവത്തിന് നാലുദിവസം മുമ്പ് ഒരു ജീവി കത്തിയുമായി നിൽക്കുന്ന ഫോട്ടോ ഡീൻ കുര്യാക്കോസും നിഖിൽ പൈലിയും പോസ്റ്റ് ചെയ്‌തിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു. ഗൂഢാലോചന ഇതിലൂടെ ഒന്നൊന്നായി പുറത്തുവരുകയാണ്. Read on deshabhimani.com

Related News