ധീരജ്‌ വധം: 5 പ്രതികൾ പൊലീസ് കസ്റ്റഡിയിൽ ; കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കായി വ്യാപക തെരച്ചിൽ



മൂലമറ്റം ഇടുക്കി എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ ഒന്നും രണ്ടും പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ 22 വരെയും മൂന്നും നാലും അഞ്ചും പ്രതികളായ ടോണി തേക്കിലക്കാട്ട്‌, നിധിൻ ലൂക്കോസ്, ജിതിൻ ഉപ്പുമാക്കൽ എന്നിവരെ 21 വരെയുമാണ് പൊലീസ് കസ്റ്റഡിയിൽവിട്ടത്. മുട്ടം ജില്ലാ കോടതിയാണ് അപേക്ഷ പരിഗണിച്ചത്. പത്ത് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകാനായിരുന്നു പൊലീസ് അപേക്ഷനൽകിയത്.  ധീരജിനെ കുത്താനുപയോഗിച്ച ആയുധം കണ്ടെത്താൻ അന്വേഷകസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.  ആറുപേരാണ് ഇതുവരെ പിടിയിലായത്‌. കേസിൽ ആറാം പ്രതിയും കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറിയുമായ സോയിമോൻ സണ്ണി, ജിക്‌സൺ ജോർജ്, മാർട്ടിൻ, രഞ്ജിത് എന്നിവരുൾപ്പെടെയുള്ളവർ പിടിയിലാകാനുണ്ട്‌. ഇവർക്കായുള്ള അന്വേഷണവും ഊർജിതമാണ്. ഇടുക്കി ഡിവൈഎസ്‌പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിൽ പത്ത് പേരടങ്ങുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം. പ്രതികളുമായി വന്ന വാഹനം തകരാറിലായതിനെ തുടർന്ന്‌ മറ്റൊരു വാഹനത്തിൽ ചൊവ്വ പകൽ 11.40നാണ് കോടതിയിൽ എത്തിയത്.  12നാണ് കോടതി അപേക്ഷ പരിഗണിച്ചത്.  പ്രോസിക്യൂഷനുവേണ്ടി സർക്കാർ പ്ലീഡർ അഡ്വ. ബി സുനിൽ ദത്ത് കോടതിയിൽ ഹാജരായി. Read on deshabhimani.com

Related News