ദേവസ്വം ബോർഡ്‌: മലബാറിൽ എം ആർ മുരളി പ്രസിഡന്റ്‌, കൊച്ചിൻ ദേവസ്വം ബോർഡിൽ ഡോ. എം കെ സുദർശനൻ

ഡോ. എം കെ സുദർശനൻ, എം ആർ മുരളി


തിരുവനന്തപുരം > മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി എം ആർമുരളിയെയും കൊച്ചിൻദേവസ്വം ബോർഡ് പ്രസിഡന്റായി ഡോ. എം കെ സുദർശനനെയും നാമനിർദേശംചെയ്‌തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി ജി സുന്ദരേശനും കൊച്ചിൻദേവസ്വം ബോർഡ്‌ അംഗമായി പ്രേമരാജ് ചൂണ്ടലത്തും തെരഞ്ഞെടുക്കപ്പെട്ടു. ഹിന്ദുക്കളായ മന്ത്രിമാർ നാമനിർദേശംചെയ്‌താണ്‌ എം ആർ മുരളിയും ഡോ. സുദർശനനും പ്രസിഡന്റുമാരായത്. വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഹിന്ദുക്കളായ എംഎൽഎമാരാണ് ദേവസ്വം ബോർഡംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. യുഡിഎഫ് പ്രതിനിധികൾ ആരും മത്സരിച്ചിട്ടില്ലെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ അറിയിച്ചു. പാലക്കാട്‌ ഷൊർണൂർ സ്വദേശിയായ എം ആർ മുരളി സിപിഐ എം ജില്ലാ കമ്മിറ്റി അഗവും കർഷകസംഘം ജില്ലാ സെക്രട്ടറിയുമാണ്‌. രണ്ടാം തവണയാണ്‌ മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റാകുന്നത്‌. രണ്ടുതവണ ഷൊർണൂർ നഗരസഭാ ചെയർമാനും ഒരു തവണ വൈസ്‌ ചെയർമാനുമായിരുന്നു. ഭാര്യ: പ്രീത. മകൾ: ആർദ്ര മുരളി. ഡോ. എം കെ സുദർശനൻ രണ്ടാം തവണയാണ്‌ കൊച്ചിൻ ദേവസ്വം ബോർഡ്‌  പ്രസിഡന്റാകുന്നത്‌. തൃശൂർ നടത്തറ സ്വദേശിയായ അദ്ദേഹം സിപിഐ എം മണ്ണുത്തി ഏരിയ കമ്മിറ്റിയംഗമാണ്‌. പികെഎസ്‌ ജില്ലാ പ്രസിഡന്റ്‌, കെഎസ്‌കെടിയു ഏരിയ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഡോ. ബി സുമയാണ്‌ ഭാര്യ. കൃഷ്‌ണ, നയന എന്നിവർ മക്കളും. ദേവസ്വം ബോർഡ്‌ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട പ്രേമരാജ്‌ ചൂണ്ടലത്ത്‌ തൃശൂർ സ്വദേശിയും ജി സുന്ദരേശൻ കൊട്ടാരക്കര സ്വദേശിയുമാണ്‌. Read on deshabhimani.com

Related News