ദേശാഭിമാനിയോടൊപ്പം എല്ലാക്കാലത്തും സഞ്ചരിച്ച നേതാവ് ; ആശയമികവിലും തിളക്കം



കണ്ണൂർ ദേശാഭിമാനിയോടൊപ്പം എല്ലാക്കാലത്തും സഞ്ചരിച്ച നേതാവായിരുന്നു കോടിയേരി. വായനക്കാരനായും ചുമതലക്കാരനായും പല റോളുകളിൽ. 1992ൽ കോഴിക്കോട്‌ സംസ്ഥാന സമ്മേളനം ദേശാഭിമാനിക്ക്‌ നാലാമത്‌ എഡിഷൻ കണ്ണൂരിൽ ആരംഭിക്കാൻ തീരുമാനിച്ചു. തീരുമാനം വൈകിയപ്പോൾ സംസ്ഥാന സെക്രട്ടറി ഇ കെ നായനാർ ശുണ്‌ഠിയെടുത്തു. പിന്നീട്‌ ചേർന്ന സിപിഐ എം കണ്ണൂർ ജില്ലാ കമ്മറ്റിയോഗത്തിൽ വിഷയം ചർച്ചയായി. കോടിയേരിയായിരുന്നു സെക്രട്ടറി. കണ്ണൂർ  എഡിഷൻ ആരംഭിക്കാനുള്ള ശ്രമം ആരംഭിക്കുന്നത്‌ അങ്ങനെയാണ്‌. പി ശശിയെ ചുമതലക്കാരനായി നിശ്‌ചയിച്ച്‌ പ്രവർത്തനം തുടങ്ങി. സ്ഥലം വാങ്ങാനും കെട്ടിടം പണിയാനും പ്രസ്‌ വാങ്ങാനുമുള്ള കോടികൾ കണ്ടെത്തുക പ്രയാസകരമായിരുന്നു. 3000 രൂപയ്‌ക്ക്‌ 12 വർഷം പത്രം നൽകുന്ന പദ്ധതി ആവിഷ്‌കരിച്ചാണ്‌ ആദ്യകടമ്പ പിന്നിട്ടത്‌. കോടിയേരിയുടെ ആശയമായിരുന്നു അത്‌. ഒരു കോടി രൂപയാണ്‌ ഇത്തരത്തിൽ സമാഹരിച്ചത്‌. ഹുണ്ടിക പിരിവിലൂടെ രണ്ടാംഘട്ടത്തിൽ ലക്ഷ്യമിട്ടതിനേക്കാൾ തുക സമാഹരിച്ചു. നിർമാണം ഏകോപിപ്പിക്കാൻ കണ്ണൂരിൽ കെ സോമൻ ഉൾപ്പെടെ ഏതാനും പ്രവർത്തകരെ നിയോഗിച്ചു.  1994 ജനുവരി 30ന്‌ ഉദ്‌ഘാടനംചെയ്യണമെന്ന തീരുമാനത്തോടെ സമയബന്ധിതമായി കാര്യങ്ങൾ നീക്കി. ദിവസവും കോടിയേരി തന്നെ പ്രവൃത്തി വിലയിരുത്തും.  കെ വി സുധീഷിന്റെ കൊലപാതകം; അവധി ദിനം പ്രത്യേക പത്രം ഉദ്‌ഘാടനത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ്‌ ജനുവരി 25ന്‌ അർധരാത്രി എസ്‌എഫ്‌ഐ സംസ്ഥാന ജോ. സെക്രട്ടറിയായിരുന്ന കെ വി സുധീഷിനെ ആർഎസ്‌എസ്സുകാർ കൊലപ്പെടുത്തുന്നത്‌. പിറ്റേന്ന്‌ റിപ്പബ്ലിക്‌ദിന അവധി. കൊലപാതകവാർത്ത പത്രത്തിൽ അച്ചടിച്ചുവരാൻ രണ്ടുദിവസമെടുക്കും. അതിനാൽ പുതിയ പ്രസിൽനിന്ന്‌ പ്രത്യേകപത്രം പുറത്തിറക്കാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചത്‌ കോടിയേരി തന്നെ. 1996 മുതൽ പത്തു വർഷം എ കെ ജി പ്രിന്റിങ്‌ ആൻഡ്‌ പബ്ലിഷിങ്‌ കമ്പനി മാനേജിങ്‌ ഡയറക്ടറുമായിരുന്നു. പിന്നീട്‌ പാർടി സംസ്ഥാന സെക്രട്ടറിയായപ്പോഴും ചീഫ്‌ എഡിറ്ററായി ചുമതലയേറ്റപ്പോഴും അതേ കരുതൽ കാത്തുവച്ചു. രോഗപീഡകൾക്കിടയിലും കേരളത്തിലുടനീളം സഞ്ചരിച്ച്‌ ജീവനക്കാരുടെ യോഗങ്ങളിൽ പങ്കെടുത്തു. പ്രചാരം വർധിപ്പിക്കാനും സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനുമുള്ള ചർച്ചകൾക്ക്‌ നേതൃത്വം നൽകി. ചീഫ്‌ എഡിറ്ററായിരിക്കേ കണ്ണൂർ പള്ളിക്കുളത്തെ ഓഫീസിലെത്തിയ അദ്ദേഹം ആദ്യം ശ്രദ്ധിച്ചത്‌ ഓഫീസിന്റെ സ്ഥലപരിമിതി.  ‘‘ഈ ഓഫീസ്‌ ഒന്നു നവീകരിക്കണം. കുറേക്കൂടി സൗകര്യവും വേണം. അതിനായി ഒരു പ്രൊജക്ട്‌ തയ്യാറാക്കി അയക്കൂ. അന്തരീക്ഷം നന്നായാലേ എല്ലാം നന്നാവൂ.’’ എന്ന്‌ ഓർമപ്പെടുത്തിയാണ്‌ കോടിയേരി മടങ്ങിയത്‌.   Read on deshabhimani.com

Related News