എക്‌സിമസ് – ദേശാഭിമാനി ഫോക്കസ് കരിയർ ഫെസ്‌റ്റിവൽ 27 മുതൽ



കൊച്ചി > ഉന്നതവിദ്യാഭ്യാസം ആ​ഗ്രഹിക്കുന്ന പ്ലസ്‌വൺ, പ്ലസ്ടു വിദ്യാർഥികൾക്ക് ഉപരിപഠനത്തെക്കുറിച്ച് ദിശാബോധം നൽകാൻ ദേശാഭിമാനിയുടെ സൗജന്യ കരിയർ ഗൈഡൻസ് പരിപാടി- "എക്സിമസ്–--ദേശാഭിമാനി ഫോക്കസ് 2023' 27 മുതൽ ജൂൺ ആറുവരെ നടക്കും. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ യൂണിറ്റ് കേന്ദ്രങ്ങളിലാണ് പരിപാടി. ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച്‌ വിദ്യാർഥികൾക്കുള്ള സംശയങ്ങൾ പരിഹരിക്കാനും അഭിരുചിക്കിണങ്ങിയ കോഴ്സ് തെരഞ്ഞെടുക്കാനും തൊഴിൽമേഖലയിലെ  മാറ്റങ്ങൾ അറിയാനും വിദ്യാഭ്യാസരംഗത്തെയും വിവിധ മേഖലകളിലെയും വിദഗ്ധരുമായി സംവദിക്കാനും അവസരമുണ്ടാകും. വിദഗ്ധർ ക്ലാസുകൾ നയിക്കും. വ്യത്യസ്ത മേഖലകളിൽ  ജീവിതവിജയം കൈവരിച്ച പ്രതിഭാധനരായ വ്യക്തികളുമായി സംവദിക്കാം. തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാർമൽ കൺവൻഷൻ സെന്ററിൽ 27ന് രാവിലെ 9.30ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സംസ്ഥാന ഉദ്ഘാടനം നിർവഹിക്കും. കൊച്ചിയിൽ കലൂർ റിന്യൂവൽ സെന്ററിൽ ജൂൺ രണ്ടിനാണ്‌ പരിപാടി. കോട്ടയത്ത്‌ കെ പി എസ് മേനോൻ ഹാളിൽ 29നും ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ 31നും നടക്കും. തൃശൂർ (തിരുവമ്പാടി കൺവൻഷൻ സെന്റർ, നന്ദനം ഓഡിറ്റോറിയം) ജൂൺ മൂന്ന്, കോഴിക്കോട് (നളന്ദ ഓഡിറ്റോറിയം) അഞ്ച്, കണ്ണൂർ (നവനീതം ഓഡിറ്റോറിയം) ആറ് തീയതികളിലും നടക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പരിപാടി. ദേശാഭിമാനി പത്രത്തിലെ "എക്സിമസ്–--ദേശാഭിമാനി ഫോക്കസ് 2023'ന്റെ പരസ്യത്തിലുള്ള  ക്യുആർ കോഡ് സ്കാൻ ചെയ്തോ ഫോൺനമ്പറിൽ ബന്ധപ്പെട്ടോ ഓരോ കേന്ദ്രത്തിലെയും പരിപാടിയിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളെ പരിപാടിയിൽ ആദരിക്കും. അർഹരായവർക്ക് ദേശാഭിമാനി യൂണിറ്റുകളുമായി ബന്ധപ്പെട്ട് രജിസ്റ്റർ‌ ചെയ്യാം. ഇന്ത്യയിലും വിദേശത്തും കൊമേഴ്‌സ് മേഖലയിൽ ഏറ്റവും ജോലിസാധ്യതയുള്ള കോഴ്സുകൾ നൽകുന്ന കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ‘എക്സിമസ് കോളേജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസാ’ണ് ദേശാഭിമാനി ഫോക്കസിന്റെ മുഖ്യപ്രായോജകർ.  മുൻനിര എൻട്രൻസ് കോച്ചിങ് സ്ഥാപനമായ ‘സഫ്‌യാർ ഫ്യൂച്ചർ അക്കാദമി’യാണ്  സഹപ്രായോജകർ.   Read on deshabhimani.com

Related News