ദേശാഭിമാനി 75–-ാം വാർഷികം ; 18ന്‌ സംസ്ഥാന വ്യാപക പത്രപ്രചാരണം



കൊച്ചി ജനങ്ങളുടെ പത്രമായ ദേശാഭിമാനിയുടെ 75–-ാം വാർഷിക ദിനമായ ജനുവരി 18ന്‌ സംസ്ഥാന വ്യാപകമായി പത്രത്തിനു വരിക്കാരെ ചേർക്കും. സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നേതാക്കളും പ്രവർത്തകരും ഗ്രാമങ്ങളിലും നഗരങ്ങളിലും വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച്‌  വരിക്കാരെ ചേർക്കും. 1942ൽ കോഴിക്കോട്ടുനിന്ന്‌ വാരികയായി ആരംഭിച്ച ദേശാഭിമാനി 1946ൽ ദിനപത്രമായി മാറിയതിന്റെ 75–-ാം വാർഷികമാണ്‌ 18 ന്‌‌. പത്ത്‌ എഡിഷനും ഓൺലൈൻ എഡിഷനുമായി മലയാള ദിനപത്രങ്ങളിൽ പ്രചാരത്തിൽ മൂന്നാമതും വായനക്കാരുടെ എണ്ണത്തിന്റെ വർധനയിൽ സമീപകാലത്ത്‌ ഒന്നാംസ്ഥാനത്തും ദേശാഭിമാനി എത്തി. ഇടതുപക്ഷ പത്രമെന്ന നിലപാട്‌ ഉയർത്തിപ്പിടിച്ച്‌ ജനങ്ങളുടെയാകെ പൊതുപത്രമായി മാറിയ ദേശാഭിമാനിയുടെ പ്രസക്തി വർധിച്ചുവരുന്ന സമയത്താണ്‌ 75–-ാം വാർഷികം ആഘോഷിക്കുന്നത്‌.  കേന്ദ്രസർക്കാരിന്റെ ജനദ്രോഹ, വർഗീയ നയങ്ങൾക്കെതിരെ ചെറുത്തുനിന്ന്‌ നവകേരള സൃഷ്ടിക്കും മതനിരപേക്ഷ കേരളത്തിനുംവേണ്ടി പോരാടുന്ന സിപിഐ എമ്മിനെയും കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെയും ഇല്ലാതാക്കാൻ വലതുപക്ഷ മാധ്യമങ്ങൾ ഒറ്റക്കെട്ടായി ശ്രമിക്കുകയാണ്‌. ഈ സന്ദർഭത്തിലാണ്‌ ദേശാഭിമാനി പത്രം കൂടുതൽ ജനങ്ങളിലേക്ക്‌ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 14 ജില്ലകളിലും വിപുലമായ പ്രചാരണം സംഘടിപ്പിക്കുന്നത്.‌ Read on deshabhimani.com

Related News