നാടുണർന്നു, ദേശാഭിമാനിക്കൊപ്പം ; പ്രചാരണത്തിന്‌ ആവേശത്തുടക്കം

അങ്കമാലി എ കെ ജി റോഡിൽ ഷിബു പൈനാടത്തിൽനിന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ ദേശാഭിമാനി പത്രത്തിന്റെ വരിസംഖ്യ ഏറ്റുവാങ്ങുന്നു


തിരുവനന്തപുരം നേരിന്റെ കാവലാളായ ‘ദേശാഭിമാനി’യുടെ പ്രചാരണത്തിന്‌ നാടെങ്ങും ആവേശത്തുടക്കം. ദേശാഭിമാനി ദിനപത്രമായതിന്റെ എഴുപത്തിയഞ്ചാം വാർഷിക ദിനത്തിൽ സിപിഐ എം കേന്ദ്ര നേതാക്കൾ മുതൽ ബ്രാഞ്ച്‌ അംഗങ്ങൾ വരെ പുതിയ വരിക്കാരെ ചേർത്ത്‌ സംസ്ഥാനമാകെ സജീവമായി.  പ്രചാരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരും. തിരുവനന്തപുരത്ത്‌  കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ വരിക്കാരെ ചേർത്തു.  കണ്ണൂരിൽ   കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും കാസർകോട്ട്‌  കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരനും വരിക്കാരെ ചേർത്തു. പത്തനംതിട്ട ജില്ലയിൽ സിപാസിലെ അധ്യാപകരും ജീവനക്കാരുമായ 100 പേരുടെ വാർഷിക വരിസംഖ്യ ചുട്ടിപ്പാറ  ക്യാമ്പസിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ ഏറ്റുവാങ്ങി.  എറണാകുളം ജില്ലയിൽ   കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈൻ അങ്കമാലിയിലും സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമായ പി രാജീവ്‌ എറണാകുളം നഗരത്തിലും  വാർഷികവരിക്കാരെ ചേർത്തു.  ഇടുക്കിയിൽ ചെറുതോണിയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ നേതൃത്വംനൽകി.  കോഴിക്കോട്‌ അരലക്ഷം പുതിയ വരിക്കാരെ ചേർക്കാനുള്ള പ്രവർത്തനത്തിന്‌ തുടക്കമായി.   വയനാട്ടിലും നാടാകെ ദേശാഭിമാനി പ്രചാരണത്തിൽ അണിചേർന്നു. തൃശൂർ  കൂർക്കഞ്ചേരിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന  എ വിജയരാഘവന്റെയും ചാവക്കാട്‌  സംസ്ഥാന സെക്രട്ടറിയറ്റംഗം  ബേബിജോണിന്റെയും നേതൃത്വത്തിൽ വരിക്കാരെ ചേർത്തു. മലപ്പുറം പെരിന്തൽമണ്ണ ഏരിയയിൽ നിന്ന്‌ 1600 വാർഷികവരിക്കാരുടെ വരിസംഖ്യ എ  വിജയരാഘവന് കൈമാറി.  ആലപ്പുഴ ജില്ലയിൽ  വള്ളികുന്നത്ത് കാമ്പിശേരി കരുണാകരന്റെ കുടുംബവീട്ടുകാർ ദേശാഭിമാനി വരിക്കാരായി. കവികളായ അനിൽ നീണ്ടകരയും രാജൻ മണപ്പള്ളിയും വരിക്കാരായി. പാലക്കാട്‌ ജില്ലയിൽ മുഴുവൻ പാർടിഘടകങ്ങളും  തിങ്കളാഴ്‌ച രംഗത്തിറങ്ങി. കൊല്ലത്ത്‌  സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ ശൂരനാട്‌ വടക്കും കെ എൻ ബാലഗോപാൽ കൊല്ലം പോളയത്തോട്ടിലും  പ്രചാരണ ക്യാമ്പയിനിൽ പങ്കെടുത്തു. Read on deshabhimani.com

Related News