ദേശാഭിമാനിയുടെ സഞ്ചാരത്തിന്‌ അക്ഷരമുറ്റം മിഴിവേകുന്നു: മോഹൻലാൽ



തിരുവനന്തപുരം മാനവികതയുടെ സാക്ഷാൽക്കാരത്തിനും പുരോഗതിക്കും വേണ്ടി നിലകൊള്ളുന്ന ദേശാഭിമാനിയുടെ സഞ്ചാരത്തിന് അക്ഷരമുറ്റം ക്വിസ് പരിപാടി കൂടുതൽ മിഴിവേകുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. അക്ഷരമുറ്റം മെഗാ ഇവന്റിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വലിയ വെല്ലുവിളിയെ മറികടന്ന്‌ വീണ്ടും സംഗമിക്കാനായി. കോവിഡിനു ശേഷം ആദ്യമായി താൻ പങ്കെടുക്കുന്ന പൊതുപരിപാടിയാണ്‌ ദേശാഭിമാനി അക്ഷരമുറ്റം മെഗാ ഇവന്റ്‌. പത്ത് വർഷംകൊണ്ട് അക്ഷരമുറ്റം അറിവിന്റെയും വെളിച്ചത്തിന്റെയും അടയാളവാക്യമായി. രക്ഷിതാക്കളും വിദ്യാർഥികളും മലയാളികളും ഈ പരിപാടിയെ നെഞ്ചേറ്റി. ഏറ്റവുമധികം കുട്ടികൾ പങ്കെടുത്തതിന് യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടാനുമായി.    സാങ്കേതികവിദ്യയുടെ വിസ്‌മയകരമായ വികാസം അറവിന്റെ മേഖലകളെ ആകാശത്തോളം ഉയർത്തിയിരിക്കുന്നു. കോവിഡ്‌ മഹാമാരിയുടെ അടച്ചിടപ്പെട്ട നാളുകളിൽ വിജ്ഞാന സമ്പാദനത്തിന്റെ പുത്തൻ സാധ്യതകൾ നാം വിദ്യാഭ്യാസരംഗത്ത്‌ നന്നായി പ്രയോജനപ്പെടുത്തി.  പുസ്തകങ്ങളിലെ അക്ഷരക്കൂട്ടുകൾക്ക്‌ അപ്പുറമുള്ള ഒരുപാട്‌ കാര്യങ്ങൾ കൂട്ടികൾ ഇതുവഴി അറിഞ്ഞു. ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ പുത്തൻ അറിവുകൾ കുതിച്ചുപായുകയാണ്‌.  വിജ്ഞാന വിഹായസിന്റെ അതിരുകൾ ഇനിയും വികസിക്കും. അതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നല്ല തലമുറയെ വാർത്തെടുക്കാനും അവരിലൂടെ നാടിനും സമൂഹത്തിനും ശ്രേയസ്കരമായ ഭാവി ഉറപ്പാക്കാനുമാകണം. ഇതിന് കരുത്തും ഊർജവുമേകുന്ന രീതിലാണ്‌ അക്ഷരമുറ്റം സംഘടിപ്പിക്കുന്നത്‌. അതിനാണ്‌  താൻ ഗുഡ്‌വിൽ അംബാസഡറായി പ്രവർത്തിക്കുന്നത്‌. വിജ്ഞാന ശകലങ്ങൾ സ്വന്തമാക്കുന്നതിനപ്പുറം സ്വായത്തമാക്കുന്ന അറിവിനെ നാം ജീവിക്കുന്ന ചുറ്റുപാടിൽ മനുഷ്യനും സമൂഹവുമായി ബന്ധപ്പെടുത്തി വിശദീകരിക്കാനും വ്യാഖ്യാനിക്കാനും അവയുടെ വിശകലനത്തിലൂടെ പുതിയ അറിവുകളിലേക്കും പുത്തൻ ബോധ്യങ്ങളിലേക്കും ചെന്നെത്താനുമാകണം. അതിലൂടെയേ നന്മയും പുരോഗതിയും പൂത്തുലയുന്ന ജീവിതത്തിലേക്ക് നമുക്ക് എത്തിപ്പെടാനാകൂ. കലയും ശാസ്‌ത്രവും ജീവിക്കുന്ന മനുഷ്യരുടെ രണ്ട്‌ കണ്ണുകളാണ്‌. ഇവ രണ്ടും കേടുകൂടാതെ സൂക്ഷിക്കുകയും അർഥപൂർണമായി പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്നും മോഹൻലാൽ പറഞ്ഞു. Read on deshabhimani.com

Related News