സംഗീതം, നൃത്തം, ആവേശം... നിശാഗന്ധിയെ ആവേശത്തിലാഴ്ത്തി ദേശാഭിമാനി മെഗാ ഇവന്റ്



തിരുവനന്തപുരം ആടിയും പാടിയും ഈണമിട്ടും നൃത്തച്ചുവടുകൾവച്ചും  നിശാഗന്ധിയെ ആവേശത്തിലാഴ്ത്തി ദേശാഭിമാനിയുടെ 80–--ാം വാർഷികാഘോഷ സമാപന മെഗാ ഇവന്റ്.  പതിനായിരങ്ങൾ ഒന്നിച്ച മഹാമേള തലസ്ഥാനനഗരി ആഘോഷമാക്കി. ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിച്ച നൃത്താവതരണത്തോടെയാണ് മെഗാ ഇവന്റ് ആരംഭിച്ചത്.  പ്രിയനടി ലക്ഷ്മി ഗോപാലസ്വാമിയുടെ ‘അർധനാരീശ്വര' നൃത്തം നിലയ്‌ക്കാത്ത കൈയടി നേടി. പിന്നാലെ രാജേഷ് ചേർത്തല ഓടക്കുഴലിൽ വിസ്മയം തീർത്തു. സൂപ്പർ ഹിറ്റ് സിനിമാ ഗാനങ്ങൾ ഓടക്കുഴലിൽ സ്വരമാധുര്യമായപ്പോൾ സദസ്സിൽ കൈയടിയുടെ പൊടിപൂരം. കാതൽ റോജാവെ.... ചിന്ന ചിന്ന ആസൈ.... സംഗീതപ്രേമികളുടെ ജീവനായ പാട്ടുകൾ അങ്ങനെ നിശാഗന്ധിയെ പ്രകമ്പനം കൊള്ളിച്ചു. 2023ലെ തന്റെ ആദ്യ നൃത്തപരിപാടി ദേശാഭിമാനിക്ക് വേണ്ടി അവതരിപ്പിക്കുന്നതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ലക്ഷ്മി പറഞ്ഞു. കാണികളെ നൃത്തച്ചുവടുവയ്ക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു ഗായിക സിതാര കൃഷ്ണകുമാറിന്റെ സംഗീതപരിപാടി. പാട്ടുകൾക്കൊപ്പം കാണികൾ ആവേശച്ചുവട്‌ വച്ചപ്പോൾ സദസ്സും വേദിയും ഒരുപോലെ ഉത്സവത്തിമിർപ്പിലായി. Read on deshabhimani.com

Related News