ദേശാഭിമാനി 80-ാം വാർഷികം: പിന്തുണ അറിയിച്ച്‌ നടൻ മധു

നടന്‍ മധുവിനെ കണ്ണമ്മൂലയിലെ വസതിയില്‍ ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസും ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശനും സന്ദര്‍ശിച്ചപ്പോള്‍


തിരുവനന്തപുരം> ദേശാഭിമാനിയുടെ എൺപതാം വാർഷികാഘോഷത്തിന്‌ പിന്തുണയും സഹായവും അറിയിച്ച്‌ നടൻ മധു. തിരുവനന്തപുരത്ത്‌ നടക്കുന്ന സമാപന പരിപാടിക്ക്‌ ക്ഷണിക്കാനെത്തിയ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസിനോടും ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശനോടുമാണ്‌ മധു പിന്തുണ അറിയിച്ചത്‌. മലയാള സിനിമയുടെ നിലവിലെ അവസ്ഥയെക്കുറിച്ചും സവിശേഷതയെക്കുറിച്ചും മധു സംസാരിച്ചു. പുതിയ ചില സിനിമകളിൽ ദുരൂഹത കാണാനുണ്ടെന്നും പുതിയ പല പാട്ടുകളിലും വരികളെ കീഴ്‌പ്പെടുത്തി വാദ്യോപകരണങ്ങളുടെ ശബ്ദമാണ്‌ ഉയർന്നുനിൽക്കുന്നതെന്നും മധു പറഞ്ഞു. പഴയ പാട്ടുകളിൽ വരികളെയും ഭാവനകളെയും ജ്വലിപ്പിക്കുന്ന തരത്തിൽ പിന്നണിയിൽ തന്നെയായിരുന്നു സംഗീതോപകരണങ്ങളുടെ ശബ്ദം. അതിനാൽ അവ ഇന്നും ആസ്വാദ്യകരമായി തുടരുന്നു. തുടർച്ചയായി സിനിമ  എടുക്കുന്ന രീതി പുതിയവരിൽ കുറവാണ്‌. മിടുക്കരുടെ നാടാണ്‌ കേരളം. എന്നാൽ, അത്തരം പ്രതിഭകൾ വിദേശങ്ങളിലേക്ക്‌ പോകുന്നു. അത്‌ പരിഹരിക്കുക നാടിനാവശ്യമാണെന്നും മധു പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളാൽ സമാപന പരിപാടിക്ക്‌ നേരിട്ട്‌ എത്തുന്നതിലുള്ള പ്രയാസം അറിയിച്ച മധു എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തു. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ്‌ മാനേജർ ഐ സെയ്‌ഫ്‌, സീനിയർ മാർക്കറ്റിങ്‌ മാനേജർ കെ ഷിനോയ്‌ എന്നിവരും ഒപ്പമുണ്ടായി.   Read on deshabhimani.com

Related News