ധീരജിന്റെ കുടുംബത്തിന് സർവകലാശാല ധനസഹായം നൽകി



തളിപ്പറമ്പ്‌ ഇടുക്കി ഗവ. എൻജിനിയറിങ് കോളേജിൽ കെഎസ്‌യു–- യൂത്ത്‌ കോൺഗ്രസുകാർ കുത്തിക്കൊന്ന ധീരജ് രാജേന്ദ്രന്റെ കുടുംബത്തിന് എ പി ജെ അബ്ദുൾകലാം സാങ്കേതികശാസ്ത്ര സർവകലാശാലയുടെ ആശ്വാസ ധനസഹായം മന്ത്രി എം വി ഗോവിന്ദൻ കൈമാറി. വിദ്യാർഥികൾക്കുള്ള ആരോഗ്യപരിരക്ഷാ പദ്ധതിയായ ‘സുരക്ഷ' മുഖേനയുള്ള അഞ്ച് ലക്ഷം രൂപയുടെ ചെക്കാണ്‌ കൈമാറിയത്‌. ധീരജിന്റെ ഓർമകളിൽ വിതുമ്പി അച്ഛൻ ജി രാജേന്ദ്രൻ, അമ്മ ടി എൻ പുഷ്‌കല, സഹോദരൻ ആർ അദ്വൈത് എന്നിവർ ചെക്ക്‌ ഏറ്റുവാങ്ങി. തളിപ്പറമ്പ് തൃച്ചംബരത്തെ വീട്ടിലെ ചടങ്ങിൽ സർവകലാശാല സിൻഡിക്കറ്റ് അംഗം പ്രൊഫ. ജി സഞ്ജീവ് അധ്യക്ഷനായി. ഇടുക്കി ഗവ.എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. എം ജെ ജലജ, കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ വി ഒ രജനി, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ ശ്യാമള, ഏരിയാ സെക്രട്ടറി കെ സന്തോഷ്‌, ടി ബാലകൃഷ്‌ണൻ, ഒ സുഭാഗ്യം, കെ ദാമോദരൻ എന്നിവർ സംസാരിച്ചു. പ്രൊ–-വൈസ് ചാൻസലർ ഡോ. എസ് അയൂബ് സ്വാഗതം പറഞ്ഞു. കഴിഞ്ഞ ജനുവരി പത്തിനാണ്‌ കെഎസ്‌യു–- യൂത്ത്‌ കോൺഗ്രസുകാർ ധീരജിനെ കുത്തിക്കൊന്നത്‌. Read on deshabhimani.com

Related News