ഗവേഷക വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ



കൊല്ലങ്കോട് > കോയമ്പത്തൂരിലെ സ്വകാര്യ എൻജിനിയറിങ് കോളേജിലെ ഗവേഷക വിദ്യാർഥിനിയായ അധ്യാപിക തൂങ്ങിമരിച്ച നിലയിൽ. പയ്യല്ലൂർമൊക്ക് ഓഷ്യൻ ഗ്രേസിൽ വിമുക്ത ഭടൻ കൃഷ്ണൻകുട്ടിയുടെ മകൾ കൃഷ്ണകുമാരി (33) യെയാണ് വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്‌. ശനിയാഴ്ച രാത്രി 9.30 ന്‌ പയ്യല്ലൂരിലെ വീട്ടിലെ ഒന്നാം നിലയിലെ മുറിയിലാണ്‌ മൃതദേഹം കണ്ടത്. കോയമ്പത്തൂർ എട്ടിമട അമൃത വിശ്വവിദ്യാപീഠത്തിൽ ഗവേഷക വിദ്യാർഥിയും കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസറുമാണ് കൃഷ്ണകുമാരി. ബറോഡ എംഎസ് സര്‍വകലാശാലയിൽനിന്ന് ബിടെക്കും എംടെക്കിൽ സ്വർണ മെഡലും നേടിയിട്ടുണ്ട്‌.   സര്‍വകലാശാല  കായികമേളയിൽ ദീർഘദൂര ഓട്ടത്തിൽ മെഡൽ ജേതാവുമാണ്. ആറ് വർഷമായി ഗവേഷക വിദ്യാർഥിയായ കൃഷ്ണകുമാരി ഗവേഷണ വിഷയങ്ങൾ സമർപ്പിച്ചിട്ടില്ല എന്നും ഗൈഡിന്റെ സമ്മർദവും മാനസ്സിക പീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. പ്രബന്ധം തിരുത്തി മികച്ചതാക്കാൻ പറഞ്ഞതല്ലാതെ മറ്റ് സമ്മർദമോ അവഗണനയോ  ഉണ്ടായിട്ടില്ലെന്ന് ഗൈഡ് ഡോ. എൻ രാധിക പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ആത്മഹത്യ സാഹചര്യം  തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ അറിയിക്കാൻ നടപടി സ്വീകരിച്ചതായും  കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതായും കെ ബാബു എംഎൽഎ പറഞ്ഞു. അമ്മ: രമാദേവി. സഹോദരങ്ങൾ: ജയലക്ഷ്മി, രാധിക, രാജലക്ഷ്മി. സംസ്‌കാരം തിങ്കൾ രാവിലെ ഒമ്പതിന് തൂറ്റിപ്പാടം വൈദ്യുതി ശ്മശാനത്തിൽ. Read on deshabhimani.com

Related News