പെരുമ്പിലാവില്‍ ലോറിയും കാറും കൂട്ടിയിടിച്ചു; രണ്ട് മരണം

ഷംസുദ്ദീന്‍,അരുണ്‍ ജോസഫ്


പെരുമ്പിലാവ്> പട്ടാമ്പി റോഡില്‍ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.കോതമംഗലം തലക്കോട് പുത്തന്‍കുരിശ് സ്വദേശി മൂലേത്തൊടി  വീട്ടില്‍ മരക്കാരിന്റെ മകന്‍ ഷംസുദ്ദീന്‍ (ഷംസ് - 47),കോതമംഗലം നാണ്യമംഗലം സ്വദേശി പടിഞ്ഞാറെ കര വീട്ടില്‍ അരുണ്‍ ജോസഫ് (തങ്കച്ചന്‍ - 63)എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കോതമംഗലം പുത്തന്‍കുരിശ് സ്വദേശി ശ്രാബിക്കല്‍ എല്‍ദോസ് ജോണിനെ മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരപ്പണിക്കാരനായ ഷംസുദ്ദീന്റെ കാറാണ് അപകടത്തില്‍ പ്പെട്ടത്. തൊഴിലാളികളാണ് കൂടെ ഉണ്ടായിരുന്നവര്‍. കുന്നംകുളം ഭാഗത്ത് നിന്ന് ചാലിശ്ശേരിയിലേക്ക് പോകുകയായിരുന്ന ടോറസ് ലോറിയും ചാലിശ്ശേരിയില്‍ നിന്ന്  കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍ പെട്ടത്.തിങ്കളാഴ്ച പകല്‍ രണ്ടരയോടെയാണ് അപകടം നടന്നത്.  പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ കുന്നംകുളം അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. മരിച്ചവരില്‍ ഒരാളുടെ ശരീരം പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലും, ഒരാളുടെത് കുന്നംകുളം റോയല്‍ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.അരുണ്‍ ജോസഫിന്റെ ഭാര്യ മേരി ,മക്കള്‍: സനു, ആരുഷി,ഷംസുദ്ദീന്റെ ഭാര്യ: സഫിയ,മക്കള്‍: ഷഹന, അസ്‌ന, ഷംനാദ്   Read on deshabhimani.com

Related News