'അസാനി' ആന്ധ്ര-ഒഡീഷ തീരത്തേക്ക്, തീരപ്രദേശത്ത് അതീവ ജാഗ്രത



കൊല്‍ക്കത്ത> ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'അസാനി' തീവ്ര ചുഴലിക്കാറ്റായി ആന്ധ്ര -ഒഡീഷ തീരത്തേക്ക്. നിലവില്‍ ആന്ധ്ര തീരത്ത് നിന്ന് 550 കിലോമീറ്റര്‍ അകലെയാണ് അസാനിയുടെ സാന്നിധ്യമുള്ളത്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന ചുഴലിക്കാറ്റ് നാളെ വടക്കുകിഴക്കന്‍ മേഖലയിലേക്ക് സഞ്ചരിച്ച് ഒഡീഷ തീരത്തേക്ക് നീങ്ങിയേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. നിലവില്‍ തീവ്ര ചുഴലിക്കാറ്റായ അസാനി 48 മണിക്കൂറിനുള്ളില്‍ ശക്തി കുറഞ്ഞു ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. കര തൊടാന്‍ സാധ്യതയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.എന്നാല്‍ ചുഴലിക്കാറ്റ് കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷയിലെ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച അഞ്ച് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബംഗാളിലും, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആന്ധ്രയിലും കനത്ത മഴ കിട്ടിയേക്കും. തിങ്കളാഴ്ച ആന്ധ്രയുടെ തീരമേഖലയില്‍ 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. പശ്ചിമബംഗാളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകട സാഹചര്യം കണക്കിലെടുത്ത് തീരമേഖലയില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ച് തുടങ്ങി. അതേസമയം ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കില്ല. എന്നാല്‍, മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടി മിന്നലിനെ കരുതണമെന്നും മുന്നറിയിപ്പുണ്ട്.   കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും   Read on deshabhimani.com

Related News