ഡോളർ കടത്ത് കേസിൽ 
6 പേർക്കെതിരെ കുറ്റപത്രം ; യുഎഇ കോൺസുലേറ്റ്‌ മുൻ ഫിനാൻസ്‌ തലവൻ 
 ഒന്നാംപ്രതി, എം ശിവശങ്കർ ആറാമത്‌



കൊച്ചി രാജ്യംവിട്ടുപോയ യുഎഇ കോൺസുലേറ്റ്‌ മുൻ ഫിനാൻസ്‌ തലവൻ ഖാലിദ്‌ മുഹമ്മദ്‌ അൽ സുക്രിയെ ഒന്നാംപ്രതിയാക്കി ഡോളർ കടത്തുകേസിൽ കസ്റ്റംസ് കുറ്റപത്രം. സ്വർണക്കടത്ത്‌ കേസ്‌ പ്രതികളായ സ്വപ്‌ന സുരേഷ്‌, പി എസ്‌ സരിത്, സന്ദീപ്‌ നായർ എന്നിവർ രണ്ടും മൂന്നും നാലും പ്രതികളാണ്‌. യൂണിടാക്‌ എംഡി സന്തോഷ്‌ ഈപ്പൻ, മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ എന്നിവരാണ്‌ അഞ്ചും ആറും പ്രതികൾ. സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌.   സ്വപ്‌ന സുരേഷ്‌, പി എസ്‌ സരിത്ത്‌, സന്ദീപ്‌ നായർ എന്നിവരുടെ കുറ്റസമ്മതവും രഹസ്യമൊഴികളും അടിസ്ഥാനമാക്കിയാണ്‌ കുറ്റപത്രം. വടക്കാഞ്ചേരിയിൽ ഫ്ലാറ്റ്‌ നിർമാണ കരാറെടുത്ത യൂണിടാക്ക്‌ 3.80 കോടി കമീഷൻ നൽകിയെന്ന്‌ മൂവരും സമ്മതിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ഇതിൽ 1.30 കോടി രൂപ (1,90,000 ഡോളർ) ഡോളറാക്കി, ഖാലിദ്‌ കെയ്‌റോയിലേക്ക്‌ കടത്തി.  സ്വപ്‌നയുടെ പേരിലുള്ള രണ്ടു ബാങ്ക് ലോക്കറിൽനിന്ന്‌ പിടിച്ചെടുത്ത ഒരുകോടി രൂപ ശിവശങ്കറിന്റേതാണെന്നും ഇത്‌ ഖാലിദ്‌ ഏൽപ്പിച്ചതാണെന്നും സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് പറയുന്നു.  അന്വേഷണ ഏജൻസികളുടെ പ്രേരണയിലോ സ്വാധീനത്തിലോ അല്ല സ്വപ്‌നയുടെ മൊഴിയെന്ന പ്രത്യേക പരാമർശവും കുറ്റപത്രത്തിലുണ്ട്‌. തിരുവനന്തപുരത്ത്‌ ജയിലിലായിരിക്കെ സ്വപ്‌നയുടേതായി പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ച്‌ കസ്‌റ്റംസ്‌ ആവശ്യപ്രകാരം നൽകിയ നിഷേധപ്രസ്‌താവനയും കുറ്റപത്രത്തിൽ പ്രത്യേകം  ചേർത്തിട്ടുണ്ട്‌. Read on deshabhimani.com

Related News