ഭൂകമ്പ പ്രവചനസാധ്യത പഠിക്കാൻ കുസാറ്റിൽ ഭൗമകേന്ദ്രം



കളമശേരി ഭൂകമ്പ പ്രവചനസാധ്യത പഠിക്കാൻ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ സ്ഥാപിക്കുന്ന 100 ഭൗമകേന്ദ്രങ്ങളിലൊന്ന്‌ കുസാറ്റിൽ സ്ഥാപിച്ചു. മുംബൈയിലെ ഭാഭാ ആറ്റമിക് റിസര്‍ച്ച് കേന്ദ്രം (ബാർക്) റേഡിയോളജിക്കല്‍ ഫിസിക്‌സ് ആൻഡ്‌ അഡ്വൈസറി വിഭാഗം വികസിപ്പിച്ചെടുത്ത സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റാഡോണ്‍ ഭൗമകേന്ദ്രമാണ് കുസാറ്റ് തൃക്കാക്കര ക്യാമ്പസില്‍ സ്ഥാപിച്ചത്. ‘ഇന്ത്യന്‍ നെറ്റ്‌വര്‍ക്ക് ഓഫ് ഡിറ്റക്‌ഷന്‍ ഓഫ് റാഡോണ്‍ അനോമലി ഫോര്‍ സീസ്‌മിക് അലേര്‍ട്ട്' എന്ന ഗവേഷണപദ്ധതിയുടെ ഭാഗമാണ്‌ ഈ ഭൗമകേന്ദ്രം. കേരളത്തിൽ സ്ഥാപിക്കുന്ന ആദ്യകേന്ദ്രമാണിത്‌. റേഡിയോ ആക്ടീവ് മൂലകങ്ങളായ യുറേനിയം, തോറിയം എന്നിവ ക്ഷയിക്കുമ്പോൾ ഉൽപ്പാദിപ്പിക്കുന്ന നിറമോ മണമോ ഇല്ലാത്ത റേഡിയോ ആക്ടീവ് വാതകമാണ് റാഡോണ്‍. ഇത് പാറകളിലും മണ്ണിലും വ്യത്യസ്ത സാന്ദ്രതയില്‍ കാണപ്പെടുന്നു. ഭൂചലനത്തിന്‌ മുന്നോടിയായി ഭൗമ പ്ലേറ്റുകളിൽ ചലനമുണ്ടാകുമ്പോള്‍ ഭൂമിയുടെ പുറംതോടിലൂടെ കൂടുതല്‍ റാഡോണ്‍ വാതകം പുറത്തുവരും. ഇത്തരം സാഹചര്യങ്ങളില്‍ ഭൗമകേന്ദ്രം റാഡോണിന്റെ സാന്നിധ്യം കണ്ടെത്തി ബാർക് റേഡിയോളജിക്കല്‍ ഫിസിക്‌സ് ആൻഡ്‌ അഡ്വൈസറി വിഭാഗത്തിന് വിവരം കൈമാറും. ഈ വിവരങ്ങൾ ഉപയോഗിച്ച് ഭൂകമ്പസാധ്യത മുന്‍കൂട്ടി അറിയാനുള്ള സാധ്യതാപഠനം നടത്തും. ഭൗമകേന്ദ്രം സ്ഥാപിക്കുന്നതിന്‌ ബാർക് റേഡിയോളജിക്കല്‍ ഫിസിക്‌സ് ആൻഡ് അഡ്വൈസറി വിഭാഗം മേധാവി പ്രൊഫ. ബി കെ സപ്ര കുസാറ്റിനെ സമീപിച്ചിരുന്നു.  ചാന്‍സലര്‍ ഡോ. കെ എന്‍ മധുസൂദനന്‍ അനുമതി നൽകി. പ്രവര്‍ത്തനം ഏകോപിപ്പിക്കാൻ റേഡിയേഷന്‍ സേഫ്റ്റി ഓഫീസര്‍ ഡോ. എ കെ റൈന്‍ കുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു.  Read on deshabhimani.com

Related News