സന്തോഷം അളക്കാൻ യന്ത്രം വികസിപ്പിച്ച്‌ കുസാറ്റ്‌ ഗവേഷകർ

ഡോ. ഗിരീഷ് കുമാർ, ഡോ. ശാലിനി മേനോന്‍


കളമശേരി > മനുഷ്യരിലെ സന്തോഷത്തിന്റെ തോത് അളക്കാന്‍ ഉപകരണമുണ്ടാക്കി കുസാറ്റ് ഗവേഷകർ. വിഷാദരോഗം ഉൾപ്പെടെയുള്ളവ കണ്ടെത്തി ചികിത്സിക്കാൻ ഇതുകൊണ്ടാകും. തലച്ചോറിൽ ഡോപ്പമൈന്‍ എന്ന രാസവസ്തു  ഉണ്ടാകുമ്പോഴാണ്‌ സന്തോഷം ഉള്‍പ്പെടെയുള്ള വികാരങ്ങൾ അനുഭവപ്പെടുന്നത്‌. ഇതിന്റെ അളവ്‌ നിരീക്ഷിക്കാൻ കഴിവുള്ള ‘ഡോപ്പമീറ്റര്‍' എന്ന സെന്‍സര്‍ ഉപകരണമാണ്‌ കുസാറ്റ് അപ്ലൈഡ് കെമിസ്ട്രിവകുപ്പ് സെന്‍സര്‍ റിസര്‍ച്ച് ഗ്രൂപ്പിലെ സിഎസ്ഐആര്‍ റിസര്‍ച്ച് അസോസിയറ്റ് ഡോ. ശാലിനിമേനോന്‍, സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചത്. കോഴിക്കോട്ടുള്ള ‘പ്രോച്ചിപ് ടെക്‌നോളജി' എന്ന സ്റ്റാര്‍ട്ടപ് സ്ഥാപനത്തിന്റെ സഹകരണത്തോടെയായിരുന്നു രൂപകൽപ്പന. ഡോപ്പമൈനോ മറ്റു ന്യൂറോ ട്രാന്‍സ്‌മിറ്ററുകളോ കണ്ടെത്തുന്നതിനുള്ള സെന്‍സര്‍ ഉപകരണം വിപണിയില്‍ ലഭ്യമല്ല. നാഡീവ്യവസ്ഥ സംബന്ധിച്ച തകരാറുകള്‍ നിര്‍ണയിക്കാന്‍ നിലവിലുള്ള രീതികള്‍ സമയമെടുക്കുന്നവയും ചെലവേറിയതുമാണ്. എന്നാൽ, പ്രോഗ്രാം ചെയ്യാവുന്ന ഈ ഉപകരണത്തിലെ ഡിസ്‌പോസിബിള്‍ ഇലക്ട്രോഡ് മാറി ഉപയോഗിച്ച് നിരവധി രോഗാവസ്ഥകള്‍ നിര്‍ണയിക്കാന്‍ കഴിയും. ചെലവ്‌ കുറഞ്ഞതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതും കൊണ്ടുനടക്കാന്‍ കഴിയുന്നതുമാണ് ‘ഡോപ്പമീറ്റര്‍'.  വളരെ പെട്ടെന്നുതന്നെ പരിശോധനാഫലം ലഭിക്കും. ‘ഡോപ്പമീറ്ററി'ന്റെ പേറ്റന്റിനായി അപേക്ഷ സമര്‍പ്പി ച്ചിട്ടുണ്ട്. ഡോ. ശാലിനിമേനോന്‍ കുസാറ്റ് സിറ്റിക്കിലെ സ്റ്റാര്‍ട്ടപ് സംരംഭമായ കെംസെന്‍സറിന്റെ സ്ഥാപകയാണ്.  2020-ല്‍ കുസാറ്റ് റൂസ സ്റ്റാര്‍ട്ടപ് ഫണ്ട് ലഭിച്ചിട്ടുണ്ട്. കുസാറ്റ് സെന്‍സര്‍ ഗ്രൂപ്പിനുകീഴില്‍ നിരവധി സെന്‍സറുകളുടെയും സെന്‍സര്‍ ഉപകരണങ്ങളുടെയും പഠന–-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. സംസ്ഥാന സർക്കാരിന്റെ ‘പ്ലീസ്' പ്രോഗ്രാമിനുകീഴില്‍ സെന്‍സറുകള്‍ക്കായുള്ള കേന്ദ്രം വികസിപ്പിക്കുന്നതിന് അടുത്തിടെ സര്‍വകലാശാലയ്‌ക്ക് 2.5 കോടി രൂപയുടെ ഒരു പദ്ധതി അനുവദിച്ചിട്ടുണ്ടെന്ന് ഡോ. ഗിരീഷ് കുമാർ പറഞ്ഞു. Read on deshabhimani.com

Related News