അർബുദ ചികിത്സയ്‌ക്ക്‌ പുതിയ സാങ്കേതികവിദ്യയുമായി കുസാറ്റ് ഗവേഷകര്‍

പ്രൊഫ. എം ആർ അനന്തരാമൻ, ഡോ. അർച്ചന


കളമശേരി അർബുദചികിത്സയ്ക്ക് ഗുണകരമായേക്കാവുന്ന  സാങ്കേതികവിദ്യയുമായി കുസാറ്റ് ഗവേഷകർ. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഫിസിക്‌സ് വകുപ്പിലെ പ്രൊഫസര്‍ ഡോ. എം ആര്‍ അനന്തരാമന്റെകീഴില്‍ ഡോ. വി എൻ അര്‍ച്ചന നടത്തിയ ഗവേഷണത്തിലാണ് മാഗ്‌നറ്റോ പ്ലാസ്‌മോണിക് നാനോഫ്ലൂയിഡ് വികസിപ്പിച്ച് പുതിയ ചികിത്സാ സംവിധാനത്തിന് വഴിയൊരുക്കുന്നത്. ‘ജേണല്‍ ഓഫ് മാഗ്‌നറ്റിസം ആന്‍ഡ് മാഗ്‌നറ്റിക് മെറ്റീരിയല്‍സ്' എന്ന പ്രശസ്ത മാസികയിൽ_ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുമായി സഹകരിച്ച് ചികിത്സ യാഥാർഥ്യമാക്കുന്നതിനുള്ള ബയോമെഡിക്കല്‍ പഠനങ്ങള്‍ പുരോഗമിക്കുകയാണ്. മാഗ്നറ്റിക് ഹൈപ്പര്‍തെര്‍മിയയും ഫോട്ടോഡൈനാമിക് തെറാപ്പിയും സംയോജിപ്പിച്ചാണ് ചികിത്സാരീതി വികസിപ്പിക്കുന്നത്. മാഗ്‌നറ്റിക് ഹൈപ്പര്‍തെര്‍മിയ ഒരു ടിഷ്യുവിലേക്കോ കോശത്തിലേക്കോ പ്രയോഗിക്കും. സൂപ്പര്‍ പാരാമാഗ്‌നറ്റിക് ഓക്‌സൈഡ് അടങ്ങിയിരിക്കുന്ന നാനോ ദ്രാവകം ശരീരത്തിന് പുറത്ത് സൃഷ്ടിക്കുന്ന__ കാന്തികക്ഷേത്ര ബലത്താൽ മാരകമായ കോശങ്ങള്‍ മാത്രം 41 ഡിഗ്രി താപനിലയില്‍ ചൂടാക്കി നശിപ്പിക്കും. അതേസമയം നല്ല കോശങ്ങൾ കേടുകൂടാതെയിരിക്കുകയും ചെയ്യും. കോശങ്ങളിലൂടെ തുളച്ചുകയറാനുള്ള ലേസര്‍ പ്രകാശത്തിന്റെ ശേഷി ഉപയോഗിച്ച് മാരകമായ കലകളെ തിരിച്ചറിയുകയും പ്രകാശം ആഗിരണം ചെയ്യുന്നതിലൂടെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുകയാണ് ഫോട്ടോഡൈനാമിക് തെറാപ്പിയുടെ തത്വം. നാനോ ഫ്ലൂയിഡ് ബയോമെഡിക്കല്‍ ഇമേജിങ്ങിനും ഉപയോഗിക്കാം.   Read on deshabhimani.com

Related News