കെഎസ്‌എഫ്‌ഇ പരിശോധന : വിവാദത്തിനുപിന്നിൽ പ്രതിപക്ഷത്തിന്റെ നിരാശ: സിപിഐ എം



തിരുവനന്തപുരം കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയുടെ പശ്ചാത്തലത്തിൽ സിപിഐ എമ്മിലും സർക്കാരിലും വ്യത്യസ്‌ത അഭിപ്രായമുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ വ്യക്തമാക്കി. വിജിലൻസ് നടത്തിയത് സാധാരണ നിലയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അത്‌ സംബന്ധിച്ചുണ്ടായ ചില പ്രതികരണം തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടു‌. കെഎസ്എഫ്ഇപോലെ മികച്ച സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ഈ പരിശോധനയെ ഉപയോഗിച്ചതിനാൽ നടത്തിയ പ്രതികരണമാണത്. എന്നാൽ, അത്തരം പരസ്യ പ്രതികരണം ഒഴിവാക്കണമായിരുന്നു. എൽഡിഎഫ് സർക്കാർ മികച്ച നിലയിലാണ് പ്രവർത്തിക്കുന്നത്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി നടത്തുന്ന പ്രവർത്തനത്തിന്‌ നല്ല സ്വീകാര്യതയുണ്ട്. അതിനാലാണ്‌ നിരന്തരം വിവാദം സൃഷ്ടിക്കാൻ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്. എല്ലാ സീമകളും ലംഘിച്ചുള്ള ഈ ജനാധിപത്യവിരുദ്ധ നീക്കം ജനം തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാർടിയിലും സർക്കാരിലും ഭിന്നിപ്പുണ്ടെന്ന് വരുത്താനുള്ള ശ്രമം. പാർടിയും എൽഡിഎഫും ഒറ്റക്കെട്ടാണെന്നത് സർക്കാരിന്റെ പ്രവർത്തനത്തിന്‌ കരുത്തുപകരുന്നു. ഇത് രാഷ്ട്രീയ എതിരാളികളെ നിരാശരാക്കുന്നു. അതാണ് ഇപ്പോഴത്തെ പ്രചാരണത്തിൽ പ്രതിഫലിക്കുന്നത്.  കെഎസ്എഫ്ഇയെ തകർക്കുന്നതിനായി യുഡിഎഫും ബിജെപിയും നടത്തുന്ന നീക്കം പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്നും സെക്രട്ടറിയറ്റ്‌ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News