കെപിസിസി പ്രസിഡന്റിന്റെ പരാമർശം അപലപനീയം: സിപിഐ എം



തിരുവനന്തപുരം> മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്റ്‌ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ തലയ്‌ക്കുവരെ സംഘപരിവാറിന്റെ വക്താക്കൾ വില പറഞ്ഞ സംഭവം ഉത്തരേന്ത്യയിലുണ്ടായിട്ടുണ്ടെങ്കിലും ആ സംസ്‌കാരം കേരളത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സംഘപരിവാറുമായി ഒളിഞ്ഞും, തെളിഞ്ഞും ബന്ധം സ്ഥാപിച്ചിട്ടുള്ള കെപിസിസി പ്രസിഡന്റ്‌ ആ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന്‌ എറണാകുളത്ത് നടത്തിയ പ്രഖ്യാപനത്തിലൂടെ പുറത്തുവന്നിരിക്കുന്നു. എൽഡിഎഫിന് തുടർഭരണം ലഭിച്ച ശേഷമാണ് സംഘപരിവാറുമായി ചർച്ച നടത്തിയ കാര്യം കെ സുധാകരൻ വ്യക്തമാക്കിയത്. മാത്രമല്ല ആർഎസ്എസ് ശാഖയെ സംരക്ഷിക്കാൻ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച്‌ വീരവാദം മുഴക്കാനും തയ്യാറായി. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാവാതിരിക്കാൻ ശക്തമായി പ്രവർത്തിച്ച നേതാവെന്ന് ഇഎഎസ് വിശേഷിപ്പിച്ച നെഹ്റു സംഘപരിവാറുമായി യോജിച്ച് പ്രവർത്തിച്ചയാളാണെന്ന് പ്രഖ്യാപിക്കുന്ന സ്ഥിതിയുമുണ്ടായി. കെ സുധാകരന്റെ ഇത്തരം രീതികൾക്കെതിരെ കോൺഗ്രസിനകത്തുതന്നെ എതിർപ്പ് ഉയരുന്നത് കെപിസിസി പ്രസിഡന്റിന്റെ രീതി സഹിക്കാവുന്നതിനും അപ്പുറമാണെന്നതിനാലാണ്. കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന മതരാഷ്ട്ര വാദത്തിനും, ആഗോളവൽക്കരണ നയങ്ങൾക്കും ബദലുയർത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാന സർക്കാർ പ്രവർത്തിക്കുകയാണ്. അതിലൂടെ കേരളം രാജ്യത്തിന് വഴികാട്ടുകയാണ്‌. ഇക്കാരണത്താൽ സംഘപരിവാറിന്റെ എതിർപ്പുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിനെ നയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിന്റെ ഇംഗിതം കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന കെപിസിസി പ്രസിഡന്റിന്റെ ജൽപ്പനത്തിൽ ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതി ഷേധിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News