തമിഴ്‌നാട്ടിൽ സിപിഐ എം സമരവിജയം; സേലം ബ്രയാൻവളവ്‌ കോളനിക്കാർക്ക്‌ ശ്‌മശാനത്തിലേക്ക്‌ വഴിയായി



സേലം > ശ്‌മശാനത്തിലേക്കു പോകാൻ വഴിയില്ലാതെ നൂറു വർഷത്തിലധികമായി ദുരിതജീവിതം അനുഭവിച്ചവർക്ക്‌ സിപിഐ എം സമരരംഗത്തിറങ്ങിയതോടെ പാത ലഭിച്ചു. തമിഴ്‌നാട്‌ സേലം ജില്ലയിലെ തുമ്പിപ്പാടി, ബ്രയാൻവളവ്‌ കോളനിയിലെ 200 കുടുംബങ്ങളുടെ ദുരിതമാണ്‌ അവസാനിച്ചത്‌. കോളനിക്കാർ ആരെങ്കിലും മരിച്ചാൽ മൃതദേഹം തോളിൽചുമന്നു വേണം ശ്‌മശാനത്തിലേക്ക്‌ കൊണ്ടുപോകാൻ. അതും സവർണ വിഭാഗക്കാർ താമസിക്കുന്ന സ്ഥലത്തുകൂടി പോകാൻ അനുവാദമില്ല. വയൽവരമ്പിലൂടെ നാലു കിലോമീറ്ററോളം ചുറ്റേണ്ടിയിരുന്നു ശ്‌മശാനത്തിലെത്താൻ. തഹസിൽദാർ മുതൽ മന്ത്രി വരെയുള്ളവർക്ക്‌ വിവിധ കാലങ്ങളിൽ നിവേദനം നൽകി. ആരും കണ്ടില്ലെന്നു നടിച്ചു. അവസാനം കോളനി നിവാസികൾ സിപിഐ എം നേതാക്കളെ സമീപിച്ചു. സിപിഐ എം നേതൃത്വത്തിൽ നിവേദനവും പരാതിയും നൽകി. താലൂക്ക്‌ ഓഫീസ്‌, കലക്ടറേറ്റ്‌ ഉപരോധവും നടത്തി. എന്നിട്ടും അവഗണന മാത്രമായിരുന്നു ഫലം. കഴിഞ്ഞദിവസം, കോളനിയിലെ രാജേഷ്‌ കണ്ണന്റെ ഭാര്യ മേനക മരിച്ചു. ഇതോടെ സിപിഐ എം മൃതദേഹവുമായി സമരത്തിനിറങ്ങി. ശ്മശാനത്തിലേക്കുള്ള പാത ഒരുക്കിത്തരും വരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന്‌ പ്രഖ്യാപിച്ചു. ലോക്കൽ സെക്രട്ടറി മുരുകൻ, ജില്ലാ സെക്രട്ടറി ഷൺമുഖരാജ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമരം അധികൃതരുടെ കണ്ണുതുറപ്പിച്ചു. റവന്യു, പൊലീസ്‌ അധികാരികൾ സ്ഥലത്തെത്തി. പാത നിർമിക്കാനുള്ള സ്ഥലത്തിന്‌ രണ്ട്‌ ഉടമകളാണെന്നും അവരുടെ അനുമതി ഇല്ലാത്തതിനാൽ പാത ഒരുക്കാൻ സാധ്യമല്ലെന്നും അറിയിച്ചു. എന്നാൽ, മൃതദേഹം കലക്‌ടറേറ്റിൽ സംസ്‌കരിക്കുമെന്ന്‌ സമരക്കാർ പ്രഖ്യാപിച്ചു. ഇതോടെ അധികൃതർ ഉടമകളുമായി സംസാരിച്ച്‌ പത്തടി വീതിയിൽ മണ്ണുമാന്തി ഉപയോഗിച്ച്‌ പാത നിർമിച്ചു. പ്രക്ഷോഭം വിജയിച്ചതോടെ മൃതദേഹം പുതിയ പാതയിലൂടെ ചെങ്കൊടി കെട്ടി ശ്‌മശാനത്തിൽ എത്തിച്ചാണ്‌ സംസ്‌കരിച്ചത്‌. Read on deshabhimani.com

Related News