മതന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമം: സിപിഐ എം പ്രതിഷേധം ഇന്ന്‌



തിരുവനന്തപുരം> മതന്യൂനപക്ഷങ്ങൾക്ക് എതിരായ ആർഎസ്‌എസ്‌–-ബിജെപി അക്രമത്തിൽ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ മുഴുവൻ ഏരിയ കേന്ദ്രത്തിലും സിപിഐ എം പ്രതിഷേധം സംഘടിപ്പിക്കും. തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിലും പ്രതിഷേധം ഉയരും. കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്ത ന്യൂനപക്ഷ അവകാശസംരക്ഷണദിനത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചിനാണ്‌ പരിപാടി. രാജ്യത്ത്‌ അക്രമത്തിനിരയാകുന്നവരിൽ ഭൂരിഭാഗവും ദളിത് –- ന്യൂനപക്ഷ വിഭാഗങ്ങളാണ്‌. 300 ക്രിസ്ത്യൻ പള്ളിക്കുനേരെ ആക്രമണമുണ്ടായി. പതിനായിരക്കണക്കിന് മുസ്ലിങ്ങൾ പൗരത്വത്തിൽനിന്ന് പുറത്തായി. ത്രിപുരയിലെ ഹിന്ദുത്വവാദികൾ മുസ്ലിങ്ങൾക്കെതിരെ ആദ്യമായി അതിക്രമം നടത്തി. മധ്യപ്രദേശിൽ മുസ്ലിങ്ങളായ തെരുവ് കച്ചവടക്കാരെ ആക്രമിച്ചു. എന്നാൽ, സംഘപരിവാറിനെ കേന്ദ്രസർക്കാർ പിന്തുണയ്ക്കുകയാണ്‌. ഒപ്പം കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനും ആർഎസ്‌എസ്‌ ശ്രമിക്കുകയാണ്‌. കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരളം പ്രതികരിക്കണം. പ്രതിഷേധ കൂട്ടായ്മയിൽ എല്ലാ ജനാധിപത്യവിശ്വാസികളും പങ്കെടുക്കണമെന്നും സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു. Read on deshabhimani.com

Related News