ഓമന ഒഴുകിയെത്തി; മറ്റൊരു തീരം ചേർത്തുപിടിച്ചു, രക്ഷിച്ചത്‌ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി



തിരുവല്ല > അതിശക്തമായ ഒഴുക്കിൽപ്പെട്ട് മണിമലയാറ്റിലൂടെ എത്തിയ വൃദ്ധയെ തിരുവല്ലയിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയും പിതൃസഹോദരനും ചേർന്ന് രക്ഷിച്ചു. മണിമല തൊട്ടിയിൽ രാജേന്ദ്രന്റെ ഭാര്യ ഓമന(65)ക്കാണ് അവിശ്വസനീയമായ രക്ഷപ്പെടൽ. തിരുമൂലപുരം പ്ലാമ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി തയ്യിൽ പള്ളത്ത് വർഗീസ് മത്തായി (റെജി –-37), പിതൃസഹോദരൻ ജോയി വർഗീസ്(53)  എന്നിവരാണ് വൃദ്ധയെ കരയ്‌ക്കെത്തിച്ചത്. 45 കിലോമീറ്റർ അകലെ മണിമലയിൽനിന്നാണ് ഇവർ ഒഴുകിവന്നത്‌. രാവിലെ ഒമ്പതോടെ തിരുമൂലപുരം ഇരുവെള്ളിപ്ര റെയിൽവേ മേൽപ്പാലത്തിലൂടെ കടന്നുപോയവരാണ് സ്ത്രീ ഒഴുകുന്നതായി കണ്ടത്. തലമുടിയിൽ കുരുങ്ങിയ മുളംചില്ലയിൽ അവർ പിടിച്ചിരുന്നു. തൊട്ടടുത്ത ബോട്ടുകടവിലും ഇവരെ കണ്ടു. ഇതോടെ നാട്ടുകാർ വാഹനങ്ങളിൽ ആറ്റുതീരത്തിലൂടെ സഞ്ചരിച്ചു. എംസി റോഡിൽ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ മണിമലയാറിന്‌ കുറുകെയുള്ള കുറ്റൂർ തോണ്ടറപാലത്തിലും നാട്ടുകാരെത്തി. ഫയർഫോഴ്സ് സംഘവും  തിരുവല്ല തഹസിൽദാർ മിനി വർഗീസും ഇവിടെയെത്തി. ഈ സമയം റെജിയും  ജോയിയും  ചെറുവള്ളവുമായി തയ്യാറെടുത്തുനിന്നു. മുങ്ങിയും പൊങ്ങിയും എത്തിയ വൃദ്ധയെ പാലത്തിൽനിന്ന്‌ കൂറ്റൂർ തെങ്ങേലി പാലമൂട്ടിൽ റെജി സ്‌റ്റീഫൻ കണ്ട്‌  ഉച്ചത്തിൽ വിളിച്ചുപറഞ്ഞതും റെജിയും ജോയിയും വള്ളത്തിൽ പിന്നാലെ പാഞ്ഞു. തോണ്ടറക്ക്‌‌ സമീപം നദിക്ക്‌ കുറുകെ വെള്ളത്തിലെ പുലിമുട്ടും കഴിഞ്ഞ് അതിന്റെ ചുഴിയിലെ കറക്കത്തിൽപ്പെടും മുമ്പ്‌ മുടിയിൽ പിടികൂടി വള്ളത്തിലേക്ക് വലിച്ചു കയറ്റി. ‌ഒരു സെക്കൻഡ്‌ വൈകിയിരുന്നെങ്കിൽ ചുഴിയുള്ള ഇവിടെനിന്ന് രക്ഷപ്പെടുത്താനാകുമായിരുന്നില്ലെന്ന് റെജി പറഞ്ഞു. അരഫർലോങ് അകലെ വള്ളം അടുപ്പിച്ച് ഇവരെ കരയ്ക്കു കയറ്റി. സമീപത്തുണ്ടായിരുന്ന സ്ത്രീകൾ,  തണുത്ത് വിറങ്ങലിച്ച വൃദ്ധയെ തോർത്തി, വസ്ത്രം ഉടുപ്പിച്ചു. വെള്ളം നൽകി. പിന്നീട്‌ തിരുവല്ല താലൂക്കാശുപത്രിയിലേക്കും അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേക്കും കൊണ്ടുപോയി. താലൂക്കാശുപത്രിയിൽ ഡോക്ടർമാർ ചോദിച്ചപ്പോൾ  മകൻ രാജേഷിന്റെ മൊബൈൽ നമ്പർ പറഞ്ഞു. രാജേഷ് വന്നശേഷമാണ് കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽവഴുതി വീണതാണെന്നാണ്‌ ഓമന ഡോക്ടർമാരോട്‌ പറഞ്ഞത്‌. അമ്മ സ്ഥിരമായി പുഴയിലാണ്‌ കുളിക്കുന്നതെന്ന്‌ മകൻ രാജേഷ്‌ പറഞ്ഞു. Read on deshabhimani.com

Related News