ബാഗേപ്പള്ളിയിൽ ഇന്ന്‌ അരലക്ഷംപേരുടെ റാലി ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും

ബാഗേപ്പള്ളിയിൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ 
ബംഗളൂരു വിമാനത്താവളത്തിൽ സ്വീകരിക്കുന്നു


ബാഗേപ്പള്ളി (ബംഗളൂരു) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ  ബാഗേപ്പള്ളിയിൽ ഞായറാഴ്‌ച അരലക്ഷംപേരുടെ ബഹുജന റാലി സംഘടിപ്പിക്കും. പകൽ 12ന്‌ പൊളിറ്റ്‌ ബ്യൂറോ അംഗവും കേരളാ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പകൽ 11ന്‌ ബാഗേപ്പള്ളി നാഷണൽ കോളേജ്‌ ഗ്രൗണ്ടിൽ റാലി കേന്ദ്രീകരിക്കും. രണ്ടുകിലോമീറ്റർ സഞ്ചരിച്ച്‌ പകൽ 12ന്‌ കെഎച്ച്‌ബി ലേ ഔട്ട്‌ കോളനി ഗ്രൗണ്ടിലാണ്‌ പൊതുയോഗം.  പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ എം എ ബേബി, ബി വി രാഘവലു,  സംസ്ഥാന സെക്രട്ടറി യു ബസവരാജ്‌, വി ജെ കെ നായർ തുടങ്ങിയവർ സംസാരിക്കും. ബാഗേപ്പള്ളിയിൽനിന്ന്‌ മുപ്പതിനായിരം പ്രവർത്തകർ റാലിക്കെത്തും. ബംഗളൂരുവിൽനിന്ന്‌ പതിനായിരം പേരും മറ്റു പ്രദേശങ്ങളിൽനിന്നായി പതിനായിരം പേരെയുമാണ്‌ പ്രതീക്ഷിക്കുന്നത്‌. ബംഗളൂരുവിലെ ആയിരത്തോളം ഐടി ജീവനക്കാർ കുടുംബസമേതമെത്തും.  1994ലും 2004ലും സിപിഐ എം നേതാവ്‌ ജി വി ശ്രീരാമ റെഡ്ഡി വിജയിച്ച നിയമസഭാ മണ്ഡലമാണ്‌ ബാഗേപ്പള്ളി. കോൺഗ്രസ്‌, ജനതാദൾ പാർടികൾക്ക്‌ കാര്യമായ സ്വാധീനമുള്ള മണ്ഡലത്തിൽ 32 ശതമാനത്തോളം വോട്ട്‌ സിപിഐ എമ്മിനുണ്ട്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായിരുന്നു. ചതുഷ്‌കോണ മത്സരത്തിൽ ബിജെപിക്ക്‌ രണ്ടുശതമാനം വോട്ടാണ്‌  കിട്ടിയത്‌. സിപിഐ എമ്മിനെ തോൽപ്പിക്കാൻ ബിജെപി വോട്ടുമറിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. കർണാടക മുഖ്യമന്ത്രിയുമായി
 കൂടിക്കാഴ്‌ച ഇന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്‌ച കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയുമായി കൂടിക്കാഴ്‌ച നടത്തും. രാവിലെ 9.30ന്‌ ബംഗളൂരുവിലാണ്‌ കൂടിക്കാഴ്‌ച. കേരളത്തിൽനിന്ന്‌ കർണാടകയിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നത്‌ അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. നിലവിലെ റെയിൽവേ ലൈനുകൾ  നീട്ടുന്നത്‌ സംബന്ധിച്ചാകും പ്രധാന ചർച്ച. Read on deshabhimani.com

Related News