സുധാകരന് ആർഎസ്എസ് വിധേയത്വം; കോൺ​ഗ്രസിനെ നയിക്കുന്നത് സംഘപരിവാർ കൂടാരത്തിലേക്ക്: സിപിഐ എം



തിരുവനന്തപുരം കേരളത്തിലെ കോൺഗ്രസിനെ സംഘപരിവാർ കൂടാരത്തിൽ എത്തിക്കാൻ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ അച്ചാരം വാങ്ങിയതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് വ്യക്തമാക്കി. ആർഎസ്എസുമായുള്ള തന്റെ ചർച്ചകളെക്കുറിച്ച്‌ നേരത്തേതന്നെ അദ്ദേഹം  വെളിപ്പെടുത്തിയിരുന്നു. ആർഎസ്എസ്‌ ശാഖകൾക്ക് സംരക്ഷണം നൽകിയ കാര്യവും കഴിഞ്ഞദിവസം തുറന്നുപറഞ്ഞു. ഇത്തരം ആർഎസ്എസ് അനുകൂല നിലപാടുകൾ തിരുത്തുന്നതിനുപകരം, ജവാഹർലാൽ നെഹ്‌റുവിനെപ്പോലും വർഗീയ ഫാസിസ്റ്റ് ശക്തികളുമായി സഖ്യമുണ്ടാക്കിയ നേതാവായാണ്‌ ചിത്രീകരിക്കുന്നത്‌. ഇത്‌ തന്റെ ആർഎസ്‌എസ്‌ അനുകൂല നിലപാടുകളെ ന്യായീകരിക്കാനുള്ള   ശ്രമങ്ങളുടെ ഭാഗമാണ്‌. ബിജെപിയിലേക്ക് ചേക്കേറുന്നതിനേക്കാൾ കേരളത്തിലെ കോൺഗ്രസിനെ ബിജെപിയായി പരിവർത്തനം ചെയ്യാനുള്ള ആശയ പരിസരം സൃഷ്ടിക്കാണ് സുധാകരൻ ശ്രമിക്കുന്നത്. ചരിത്രത്തിൽ വിഷം കലർത്തുകയെന്ന സംഘപരിവാർ സമീപനംതന്നെ ഇതിനായി സുധാകരനും ഉപയോഗിക്കുന്നു. മതനിരപേക്ഷ, വർഗീയവിരുദ്ധ നിലപാടുള്ള യുഡിഎഫ്‌ ഘടകകക്ഷികൾ  കോൺഗ്രസ്‌ നേതൃത്വത്തിന്റെ ആർഎസ്എസ് വിധേയത്വം തിരിച്ചറിയണം. ഇക്കാര്യത്തിൽ അഖിലേന്ത്യാ കോൺഗ്രസ്‌ നേതൃത്വത്തിന്റെയും യുഡിഎഫിന്റെയും നിലപാട് വ്യക്തമാക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News