ബ്രഹ്മപുരം മാലിന്യ പ്ലാന്റ്‌; പ്രകാശ് ജാവ്ഡേക്കർ പ്രചരിപ്പിക്കുന്നത് വസ്‌തുതയ്‌ക്ക്‌ നിരക്കാത്ത കാര്യങ്ങൾ: സിപിഐ എം



തിരുവനന്തപുരം > ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പ്രകാശ് ജാവ്ഡേക്കർ പ്രചരിപ്പിക്കുന്നത് വസ്‌തുതയ്‌ക്ക്‌ നിരക്കാത്ത കാര്യങ്ങളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ഇത്തരം പൊതു സാമൂഹ്യ പ്രശ്‌നങ്ങൾ കൂട്ടായി നിന്ന് പരിഹരിക്കേണ്ടതിന് പകരം രാഷ്‌ട്രീയ മുതലെടുപ്പ് നടത്തലാണ് ബിജെപി ലക്ഷ്യം. ബ്രഹ്മപുരത്തെ മാലിന്യം തരംതിരിക്കുന്നതിനുൾപ്പെടെ വിവിധ ജോലികൾക്ക് ആഗോള ടെണ്ടർ വിളിച്ചാണ് കുറഞ്ഞ നിരക്ക് കോട്ട് ചെയ്‌ത കമ്പനിക്ക് കരാർ നൽകിയത്. ആർക്കും ഉപകരാർ നൽകിയിട്ടില്ല. കരാറെടുത്ത കമ്പനിക്ക് യന്ത്രങ്ങൾ വാടകക്കെടുക്കാമെന്ന് മാത്രമാണ് വ്യവസ്ഥ. സുതാര്യമായ നടപടികളിലൂടെയാണ് കരാർ നൽകിയത്. കരാർ പ്രകാരമുള്ള ജോലികളിൽ വീഴ്‌ച നടത്തിയതായി തെളിഞ്ഞാൽ കമ്പനിക്കെതിരെ കർശനമായ നടപടിയെടുക്കുന്നതിനും കോർപറേഷന് മുന്നിൽ തടസങ്ങളൊന്നുമില്ല. സർക്കാരും, തദ്ദേശ സ്വയംഭരണ വകുപ്പും, കോർപറേഷനും ഇക്കാര്യങ്ങൾ സംശയത്തിന് ഇടനൽകാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ച് തന്നെ ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം സംബന്ധിച്ച് ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. സർക്കാരിന് മുന്നിൽ ഒന്നും ഒളിക്കാനില്ല എന്നുതന്നെയാണ് ഇതെല്ലാം കാണിക്കുന്നത്. 2016 ലെ കേന്ദ്ര മാലിന്യ ചട്ടം കേരളം പാലിക്കുന്നില്ലെന്നും, പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതി നടപ്പാക്കുന്നില്ലെന്നും ജാവ്ഡേക്കർ പറഞ്ഞതും പച്ചക്കള്ളമാണ്. ഇക്കാര്യങ്ങൾ ജാവ്ഡേക്കർക്ക് കേന്ദ്ര സർക്കാരിന്റെ മന്ത്രാലയങ്ങളിൽ നിന്ന് തന്നെ അന്വേഷിച്ച് മനസിലാക്കാവുന്നതാണ്. കേന്ദ്ര ചട്ടങ്ങൾ 2016 മുതൽ തന്നെ കേരളം നടപ്പാക്കിയതാണ്. കേന്ദ്ര ചട്ടങ്ങൾ സംസ്ഥാനങ്ങൾക്ക് നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന സാമാന്യ ധാരണയെങ്കിലും ജാവ്ഡേക്കർക്ക് ഉണ്ടാവേണ്ടതായിരുന്നു. സ്വച്ഛഭാരതും കേരളത്തിൽ മികച്ച നിലയിൽ നടപ്പാക്കി വരുന്നു. ബ്രഹ്മപുരം തീപിടുത്തം സിബിഐ അന്വേഷിക്കണമെന്ന് പ്രകാശ് ജാവ്ഗഡക്കറിനു പിന്നാലെ പ്രതിപക്ഷനേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടിരിക്കുകയാണ്. എങ്ങിനേയും ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കൂട്ടുകെട്ടും വ്യക്തമായി. ബ്രഹ്മപുരത്തേത് രണ്ടുവർഷം കൊണ്ടുണ്ടായ പ്രശ്‌നമല്ല. ഇത് 2012 മുതലുള്ള പ്രശ്നമാണെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാലിന്യം കുന്നുകൂടുന്നത് സമൂഹത്തിന്റെയാകെ പൊതുപ്രശ്‌നമാണ്. അത് പരിഹരിക്കാൻ കേന്ദ്രത്തിനും, രാഷ്‌ട്രീയ പാർട്ടികൾക്കും പൊതുവായ ഉത്തരവാദിത്തമാണുള്ളത്. രാഷ്‌ട്രീയ മുതലെടുപ്പ് നടത്തി നേട്ടം കൊയ്യാനുള്ള ബിജെപിയുടേയും, കോൺഗ്രസിന്റേയും ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News