എം എം വർഗീസ്‌ വീണ്ടും സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി



തൃശൂർ > സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി എം എം  വർഗീസിനെ വീണ്ടും  തെരഞ്ഞെടുത്തു. തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിൽ (കെ വി പീതാംബരൻ, കെ വി ജോസ്‌ നഗർ)  ചേർന്ന ജില്ലാ സമ്മേളനം ഏകകണ്‌ഠമായാണ്‌ സെക്രട്ടറിയായി  എം എം വർഗീസിനെ തെരഞ്ഞെടുത്തത്‌. ജില്ലാ സെക്രട്ടറിയായിരുന്ന കെ രാധാകൃഷ്‌ണ‌ൻ കേന്ദ്രകമ്മിറ്റി അംഗമായതിനെ തുടർന്ന്‌ 2018 ജൂൺ 30നാണ്‌ എം എം വർഗീസ്‌ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്‌. 70 കാരനായ എം എം വർഗീസ് സിഐടിയു കേന്ദ്രവർക്കിങ് കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. സിഐടിയു ജില്ലാ പ്രസിഡന്റ്, പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രസിഡന്റ്, വിദേശമദ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു. 1970ൽ സിപിഐ എം അംഗമായ എം എം വർഗീസ് പാണഞ്ചേരി പഞ്ചായത്തിലെ ചാലാംപാടം സ്വദേശിയാണ്. 1971ൽ തൃശൂർ സെന്റ് തോമസ് കോളേജിൽ സുവോളജിയിൽ ബിരുദപഠനം പൂർത്തിയാക്കിയ ശേഷം മുഴുവൻ സമയ പാർടി പ്രവർത്തകനായി. 1970ൽ എസ്എഫ്‌ഐ രൂപീകരണ അഖിലേന്ത്യ സമ്മേളനത്തിൽ പ്രതിനിധിയായിരുന്നു. പിന്നീട് കെഎഎസ്‌വൈഎഫ്‌ ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തിരാവസ്ഥക്കാലത്ത് സിപിഐ എം ഒല്ലൂക്കര ലോക്കൽ സെക്രട്ടറിയായ വർഗീസ് 1985 മുതൽ രണ്ടര വർഷം ഒല്ലൂർ ഏരിയാ സെക്രട്ടറിയും 1988 മുതൽ 17 വർഷം തൃശൂർ ഏരിയാ സെക്രട്ടറിയുമായി. 21 മാസം നാട്ടിക ഏരിയാ ഓർഗനൈസിങ് കമ്മിറ്റിയുടെ സെക്രട്ടറിയായി. 1985ൽ ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം 2005 മുതൽ ജില്ലാ സെക്രട്ടറിയറ്റ് അംഗവും  2006 മുതൽ പത്തു വർഷം സിഐടിയു ജില്ലാ സെക്രട്ടറിയായിരുന്നു.  1991ൽ ആദ്യ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച്‌  ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായി. 2006ൽ തൃശൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു.  സംസ്ഥാന ലേബർ വെൽഫയർ ഫണ്ട് ബോർഡ് ചെയർമാനായും പ്രവർത്തിച്ചു.   കർഷക കുടുംബമായ ചാലാംപാടം മേലേത്തുവീട്ടിൽ പരേതരായ മത്തായിയുടെയും മറിയയുടെയും മകനാണ്‌. ഭാര്യ: സിസിലി. മക്കൾ: ഹണി എം വർഗീസ് (പ്രിൻസിപ്പിൾ ഡിസ്ട്രിക്റ്റ് ആൻഡ്‌ സെഷൻസ് ജഡ്‌ജ് എറണാകുളം), ഡോ. സോണി എം വർഗീസ് (അസിസ്റ്റന്റ് പ്രൊഫസർ, ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, യുഎഇ). ടോണി എം വർഗീസ് (എൻജിനിയർ, റബ്കോ, കോട്ടയം). മരുമക്കൾ: ജിജു പി ജോസ് (എക്‌സൈസ് സിഐ), സൻജോയ് ഫിലിപ്പോസ് (ലെയ്‌സൺ ഓഫീസർ,അണ്ണാമല സർവകലാശാല), വിൻസി വർഗീസ് (ഡെവലപ്മെന്റ് ഓഫീസർ, നാളികേര വികസന ബോർഡ് എറണാകുളം). Read on deshabhimani.com

Related News