'ചാണകം ആണവ വികിരണം തടയും; പശു മൃഗമല്ല ഒരു ഗ്രഹം': 22 കാരനെ ജീവപര്യന്തം ശിക്ഷിച്ച്‌ ഗുജറാത്ത്‌ കോടതി



അഹമ്മദാബാദ് > ചാണകം കൊണ്ട് നിർമ്മിച്ച വീടുകളെ ആണവ വികിരണം ബാധിക്കില്ലെന്നും ഗോമൂത്രം  പല മാറാരോഗങ്ങൾക്കും പ്രതിവിധിയാണെന്നും ഗുജറാത്തിലെ സെഷൻസ്‌ കോടതി. നിയമവിരുദ്ധമായി പശുക്കളെ കടത്തി എന്നാരോപിച്ച്‌ മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവ് നിവാസിയായ മുഹമ്മദ് അമീനെ (22) ജീവപര്യന്തം കഠിന തടവിന്‌ ശിക്ഷിച്ചുകൊണ്ടുള്ള വിധിയിലാണ്‌ ഈ പരാമർശങ്ങൾ. 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ അഞ്ച് വർഷം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് താപ്പിയിലെ വ്യാര ഡിസ്ട്രി‌ക്‌‌ട് ആൻഡ് സെഷൻസ് ജഡ്‌ജി സമീർ വിനോദ്‌ ചന്ദ്ര വ്യാസ് ഉത്തരവിട്ടു. ഗോവധം തടയാൻ കൊണ്ടുവന്ന വിവധ നിയമങ്ങളും നിയമ ഭേദഗതിയും അനുസരിച്ചാണ്‌ ശിക്ഷ. വേദങ്ങളും പുരാണങ്ങളും ഉദ്ധരിച്ച്‌ പശുവിന്റെ ഗുണഗണങ്ങൾ എണ്ണിപ്പറഞ്ഞാണ്‌ ഗുജറാത്തിയിലുള്ള വിധിയെന്ന്‌ ന്യൂസ്‌ ക്ലിക്ക്‌ റിപ്പോർട്ട്‌ ചെയ്യുന്നു. “പശു ഒരു മൃഗം മാത്രമല്ല, അമ്മയുമാണ്. പശുവിനെപ്പോലെ വിനയം ആർക്കുമില്ല. 68 കോടി പുണ്യസ്ഥലങ്ങളുടെയും മൂന്ന് കോടി ദൈവങ്ങളുടെയും ജീവിക്കുന്ന ഗ്രഹമാണ് പശു. ലക്ഷ്‌മി, സരസ്വതി, പാർവതി/കാളി എന്നീ മൂന്ന് ദേവതകൾ പശു നിന്ന് ഉയർന്നുവന്നതാണ് ’’‐വിധിയിൽ പറയുന്നു. 16 പശുക്കളെയും കാളകളെയും ഒരു ട്രക്കിൽ മുഹമ്മദ്‌ അമീൻ കടത്തി എന്നായിരുന്നു കേസ്‌. സർട്ടിഫിക്കറ്റുകളില്ലാതെയാണ് പശുക്കളെ ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്തിയതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. 2020 ഓഗസ്റ്റ് 27 നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.  പ്രതി ട്രക്ക് ഓടിച്ചിരുന്നില്ലെന്നും സംഭവസമയത്ത് പൊലീസുകാർ ഇയാളെ കണ്ടിട്ടില്ലെന്നുമുള്ള പ്രതിഭാഗം വാദങ്ങൾ കോടതി തള്ളി. പൊലീസുകാരുടെ വാക്കാലുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. പൊലീസുകാരല്ലാതെ മറ്റ്‌ സാക്ഷികളൊന്നും കേസിൽ ഉണ്ടായിരുന്നില്ല. പ്രതിക്കുവേണ്ടി സ്വന്തം അഭിഭാഷകൻ ഉണ്ടായില്ല. സർക്കാർ ഏർപ്പെടുത്തിയ നിയമസഹായമാണ്‌ ലഭിച്ചത്‌. Read on deshabhimani.com

Related News