സംസ്ഥാനത്ത്‌ 
വാക്സിൻ ക്ഷാമം രൂക്ഷം ; വിതരണം പൂർവസ്ഥിതിയിലാകാൻ 
കേന്ദ്രം വാക്സിൻ അനുവദിക്കണം



തിരുവനന്തപുരം സംസ്ഥാനത്തെ വാക്സിൻ സ്‌റ്റോക്ക്‌ വീണ്ടും താഴേക്ക്‌. പല ജില്ലയിലും വിവിധ വാക്സിനേഷൻ സെന്ററുകൾ താൽക്കാലികമായി പൂട്ടി. കേന്ദ്രം കോവിഡ്‌ വാക്സിൻ അനുവദിക്കാത്തതാണ്‌ കാരണം.  കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ 50 ലക്ഷം ഡോസ്‌ വാക്സിൻ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വെറും രണ്ട്‌ ലക്ഷം ഡോസാണ്‌ അനുവദിച്ചത്‌. നിലവിലെ വാക്സിൻ വിതരണമനുസരിച്ച്‌ ഇത്‌ ഒരു ദിവസത്തേക്കുപോലും തികയില്ല. പ്രതിദിന വാക്സിൻ വിതരണം മൂന്ന്‌ ലക്ഷത്തിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു‌ സംസ്ഥാനം. സംസ്ഥാനത്ത്‌ ഇതുവരെ 47,27,565 പേർ ആദ്യ ഡോസും 5,53,611 പേർ രണ്ടാം ഡോസും സ്വീകരിച്ചു. വാക്സിൻ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ രാജ്യത്ത്‌ ഒന്നാം സ്ഥാനത്താണ്‌ സംസ്ഥാനം. കഴിവതും ലഭ്യമായ ഡോസുകൾ നൽകി തീർക്കാനാണ്‌ സംസ്ഥാനത്തിന്റെ ശ്രമമെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. തിരുവനന്തപുരത്തെ ജിമ്മി ജോർജ്‌ സ്‌റ്റേഡിയത്തിൽ പ്രവർത്തിച്ച മാസ്‌ വാക്സിനേഷൻ ക്യാമ്പ്‌ താൽക്കാലികമായി നിർത്തി. നിലവിൽ തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ, എറണാകുളം തുടങ്ങി വിവിധ ജില്ലകളിൽ കോവിഷീൽഡ്‌ വാക്സിൻ പൂർണമായി തീർന്നു‌. ഇനി കോവിഷീൽഡ്‌ വാക്സിൻ ലഭ്യമായതിനുശേഷം മാത്രമേ ആദ്യഡോസ്‌ സ്വീകരിച്ചവരുടെ രണ്ടാം ഡോസ്‌ വിതരണം പുനരംഭിക്കാനാകൂ. വ്യാഴാഴ്ച 1282 സർക്കാർ സ്ഥാപനത്തിലും 384 സ്വകാര്യ കേന്ദ്രത്തിലും ഉൾപ്പെടെ 1666 കേന്ദ്രത്തിൽ വാക്സിൻ വിതരണം നടന്നു. രണ്ടായിരത്തോളം കേന്ദ്രത്തിൽ വാക്സിൻ വിതരണം നടന്നിരുന്ന സ്ഥാനത്താണ് ഇത്‌.   Read on deshabhimani.com

Related News