കോവിഡ് വാക്സിൻ: കേരളം നൂറിലേക്ക്‌ ; പത്തനംതിട്ടയിൽ ആദ്യഡോസ്‌ നൂറ്‌ ശതമാനം



തിരുവനന്തപുരം > കോവിഡ്‌ വാക്സിൻ വിതരണത്തിൽ റെക്കോഡ്‌ നേട്ടത്തിലേക്ക്‌ കേരളം. ആദ്യ ഡോസ്‌ എടുത്തവർ 95 ശതമാനമായി. രണ്ട്‌ ഡോസും എടുത്തവർ 50 ശതമാനത്തോട്‌ അടുക്കുന്നു. രോഗവ്യാപനം, പ്രതികൂല കാലാവസ്ഥ തുടങ്ങിയ പ്രതിസന്ധികൾക്കിടയിലാണ്‌ സംസ്ഥാനം നേട്ടം കൈവരിക്കുന്നത്‌. ഒരു തുള്ളിപോലും ചോർന്നുപോകാതെ വാക്സിന്റെ പരമാവധി ഉപയോഗത്തിന്‌  രാജ്യത്തിന്റെ  അനുമോദനവും കേരളത്തിന്‌ ലഭിച്ചു. കേന്ദ്ര ജനസംഖ്യാ കണക്കുപ്രകാരം 18 വയസ്സ്‌ കഴിഞ്ഞ 2.67 കോടി പേർ സംസ്ഥാനത്തുണ്ട്‌. ഇവരിൽ  94.15 ശതമാനം പേർക്ക്‌ (2,51,47,655) ആദ്യ ഡോസും 46.92 ശതമാനത്തിന്‌ (1,25,32,397) രണ്ടാം ഡോസും നൽകി. ഈ വർഷം അവസാനത്തോടെ എല്ലാവർക്കും ആദ്യ ഡോസും 2022 ജനുവരിയോടെ രണ്ടാം ഡോസും ഉറപ്പാക്കുകയാണ്‌ സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. കോവിഷീൽഡ്‌ ആദ്യ ഡോസ്‌  എടുത്തവർക്ക്‌ രണ്ടാം ഡോസ്‌ എടുക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ചതും ആദ്യ ഡോസ്‌ എടുത്തവർ  രണ്ടാം ഡോസിനുമുമ്പ്‌ കോവിഡ്‌ ബാധിതരാകുന്നതുമാണ്‌ രണ്ട്‌ ഡോസും എടുത്തവരുടെ ശതമാനക്കുറവിന്‌ കാരണം. കോവിഷീൽഡ്‌ ആദ്യ ഡോസ്‌ എടുത്താൽ രണ്ടാം ഡോസിന്‌  84 ദിവസം കഴിയണം. ഇതിനിടയിൽ ഇവർ രോഗബാധിതരായാൽ നെഗറ്റീവായി വീണ്ടും മൂന്ന്‌ മാസം കഴിഞ്ഞാലേ രണ്ടാം ഡോസ്‌ എടുക്കാനാകൂ. ഈ നിബന്ധനകൾ പാലിക്കേണ്ടതുകൊണ്ടാണ്‌ രണ്ട്‌ ഡോസും എടുത്തവരുടെ ശതമാനം ഉയരാത്തത്‌. ഒന്നും രണ്ടും ഡോസുകൾക്കിടയിലുള്ള കാലാവധി കുറവായിരുന്നെങ്കിൽ  സംസ്ഥാനത്തിന്റെ നേട്ടം ഇതിനും മുകളിലായേനെ. പട്ടികവർഗ മേഖലയിൽ വാക്സിനേഷൻ സമ്പൂർണമാണ്‌. വയോജനങ്ങൾക്ക്‌ വാക്‌സിൻ നൽകുന്നതിലും മുമ്പിലാണ്‌. ആരോഗ്യപ്രവർത്തകർക്കും കോവിഡ്‌ മുന്നണി പോരാളികൾക്കും വാക്‌സിൻ നൽകുന്നതിലും സംസ്ഥാനം നേട്ടം കൈവരിച്ചു. കുട്ടികൾക്ക്‌ വാക്സിൻ വിതരണം ഈ വർഷം തുടങ്ങുമെന്നാണ്‌ കേന്ദ്ര ആരോഗ്യവകുപ്പിന്റെ അറിയിപ്പ്‌. കോവിഡ്‌ പ്രതിരോധത്തിന്‌  ഇത്‌ കൂടുതൽ കരുത്തുപകരും. മുന്നിൽ പത്തനംതിട്ട വാക്സിൻ വിതരണത്തിൽ സംസ്ഥാനത്ത്‌ മുന്നിൽ പത്തനംതിട്ട ജില്ല. ലക്ഷ്യമിട്ട എല്ലാവർക്കും ആദ്യ ഡോസ്‌ നൽകി നൂറ്‌ ശതമാനത്തിലെത്തി.  60 ശതമാനത്തിന്‌ രണ്ടാം ഡോസും നൽകി. ആലപ്പുഴ, കോട്ടയം ഒഴികെയുള്ള  എല്ലാ ജില്ലയിലും വിതരണം 90 ശതമാനം പിന്നിട്ടു. അഞ്ച്‌ ജില്ല ഉടൻ നൂറിലെത്തും. Read on deshabhimani.com

Related News