കോവിഡ് പരിശോധനകൾ വർധിച്ചിട്ടുണ്ട്; തെറ്റായ പ്രചരണത്തിലൂടെ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കരുത്: മുഖ്യമന്ത്രി



തിരുവനന്തപുരം > സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ പ്രവർത്തകർ രാപ്പകലില്ലാതെ സേവനമനുഷ്ഠിച്ച് പരിശോധനകൾ ഊർജിതാമാക്കുകയാണ്. മുമ്പ് 2000 പരിശോധകൾ നടന്നപ്പോഴും ഇപ്പോൾ 20,000 ആയി ഉയർത്തിയപ്പോഴും പരിശോധന കുറവാണ് എന്ന് ആക്ഷേപമുന്നയിക്കുന്നതിൽ അസാംഗത്യമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ആർടിപിസിആർ പരിശോധകൾക്ക് സ്ഥലങ്ങളിലെ സാമ്പിളുകൾ ഒരു ലാബിൽ വരുമ്പോൾ തരംതിരിച്ച് ലേബൽ ഒട്ടിച്ച് രജിസ്റ്റർ ചെയ്ത് കമ്പ്യൂട്ടറിൽ എൻറർ ചെയ്താണ് പരിശോധനാ പ്രക്രിയയിലേക്ക് കടക്കുന്നത്. ഒരു ആർടിപിസിആർ പരിശോധനയ്ക്ക് കുറഞ്ഞത് 6 മണിക്കൂർ വേണം. പരിശോധന ഐസിഎംആറിൻറെ ഗൈഡ്‌ലൈൻ അനുസരിച്ച് മാത്രമേ നടത്താൻ കഴിയൂ. ഏതെങ്കിലും ഫലത്തിൽ സംശയം തോന്നിയാൽ വീണ്ടും ആ സാമ്പിൾ പരിശോധിക്കും. അതിന് വീണ്ടും അത്രയും സമയം എടുക്കും. റിപ്പീറ്റ് പരിശോധന ചിലപ്പോൾ അന്നുതന്നെ ചെയ്യാൻ കഴിയില്ല. വീണ്ടും സംശയം വന്നാൽ ആലപ്പുഴ എൻഐവിയിലയച്ച് വ്യക്തത വരുത്തും. ഫലം ആരോഗ്യ വകുപ്പിൻറെ മോണിറ്ററിങ് പോർട്ടലിലാണ് അപ് ലോഡ് ചെയ്യുന്നത്. പോസിറ്റീവായാൽ അതത് ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും ജില്ലാ സർവയലൻസ് ഓഫീസർക്കും ഈ ഫലം നേരിട്ട് കാണാം. ഇതനുസരിച്ച് അവർ തുടർനടപടി സ്വീകരിക്കുന്നു. 14 ജില്ലകളിലേയും ഫലം സ്റ്റേറ്റ് കൺട്രോൾ റൂമിൽ എത്തും. അതാണ് സംസ്ഥാനത്തെ ആകെ കണക്കായി വരുന്നത്. നെഗറ്റീവായാൽ ജില്ലാ കൺട്രേൾ റൂമിലേക്കും സംസ്ഥാന കൺട്രോൾ റൂമിലേക്കുമാണ് അയയ്ക്കുക. ശ്വാസതടസമുള്ളവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, എയർപോർട്ട് ജീവനക്കാർ എന്നീ വിഭാഗക്കാർക്ക് മുൻഗണ നൽകി എമർജൻസിയായി പരിശോധനാ ഫലം നൽകാറുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് മിക്ക ലാബുകളും. ഇന്നലെ മാത്രം 7012 ആർടിപിസിആർ റുട്ടീൻ സാമ്പിളുകളാണ് പരിശോധിച്ചത്. പിപിഇ കിറ്റ് ധരിച്ച് ഏറെ പ്രയാസമനുഭവിച്ചാണ് ജീവനക്കാർ ഇത്രയും പരിശോധന നടത്തുന്നത്. തെറ്റായ പ്രചാരണം അവരുടെ മനോവീര്യം തകർക്കാനിടയാക്കും. പരിശോധനാ ലാബുകളുടെ എണ്ണവും പരിശോധനകളും പരമാവധി കൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News