റിപ്പബ്ലിക്‌ ദിനാഘോഷത്തിന് ആൾക്കൂട്ടം ഒഴിവാക്കണം; കോവിഡ്‌ പരിശോധനാഫലം പരമാവധി വേഗത്തിൽ



തിരുവനന്തപുരം > ആവശ്യത്തിന്‌  ജീവനക്കാരെ നിയോഗിച്ച് സമയബന്ധിതമായി കോവിഡ്‌ പരിശോധനാ ഫലം ലഭ്യമാക്കാൻ  ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. പരിശോധനാ ഫലം വൈകാതിരിക്കാൻ ജില്ലാതല ടീമിനെ നിയോഗിച്ചിട്ടുണ്ട്. നിരീക്ഷണ കമ്മിറ്റിയുടെ ഭാഗമായ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി ശക്തിപ്പെടുത്തി.  കോവിഡ് പോസിറ്റീവായവരുടെ വിവരങ്ങൾ കമ്മിറ്റി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. സ്വകാര്യ ആശുപത്രികളെയും ഇതിൽ  ഉൾപ്പെടുത്തി. ആശുപത്രിയിലെത്തുന്ന രോഗികളുടെ വാക്‌സിനേഷൻ അവസ്ഥ, ചികിത്സ, ഡിസ്ചാർജ് തുടങ്ങിയവയും നിരീക്ഷിക്കും. പരിശോധന അടിസ്ഥാനമാക്കി നിരീക്ഷണം ശക്തമാക്കും. ആശുപത്രി-യാത്രാ-സമൂഹ നിരീക്ഷണം  എന്നിവയ്ക്ക് പ്രാധാന്യം നൽകും. വിദഗ്‌ധ ഗൃഹ പരിചരണം ഉറപ്പാക്കാനും മന്ത്രി നിർദേശിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന ദ്രുത പ്രതികരണ സംഘം (ആർആർടി) അടിയന്തര യോഗത്തിന്റേതാണ്‌ തീരുമാനം.  സംസ്ഥാനതല 12 ആർആർടി കമ്മിറ്റിയുടെ പ്രതിരോധ  പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. കോവിഡ് പശ്ചാത്തലത്തിൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന്‌ പൊതുഭരണവകുപ്പ്‌ നിർദേശിച്ചു. പൊതുജനങ്ങൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരെ അനുവദിക്കരുത്.  പ്രവേശന കവാടത്തിൽ താപനില പരിശോധിക്കണം. മാസ്‌ക് ധരിക്കണം. സാനിറ്റൈസേഷൻ, സാമൂഹ്യ അകലം എന്നിവ കൃത്യമായി പാലിക്കണം. സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷത്തിൽ രാവിലെ ഒമ്പതിന് ഗവർണർ ദേശീയപതാക ഉയർത്തും. ക്ഷണിക്കപ്പെട്ട നൂറിൽ താഴെ ആളുകളായിരിക്കും പങ്കെടുക്കുക. ജില്ലാതല പരിപാടികളിൽ  മന്ത്രിമാർ ദേശീയ പതാക ഉയർത്തും. പരമാവധി 50 പേരെയേ പങ്കെടുപ്പിക്കാവൂ. സബ് ഡിവിഷണൽ, ബ്ലോക്ക്തല പരിപാടിയിൽ എണ്ണം  50ൽ കൂടരുത്‌. പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻതലത്തിലും  സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും 25 പേരിൽ അധികരിക്കരുത്‌. ഗ്രീൻ പ്രോട്ടോകോൾ പാലിക്കണം.  രണ്ട്‌ ഡോസ്‌ എടുത്ത്‌  83 ശതമാനം സംസ്ഥാനത്തെ  99.8 ശതമാനത്തിന്‌ ഒരു ഡോസും (2,66,89,763), 83 ശതമാനത്തിന്‌ രണ്ടാം ഡോസും (2,21,29,768) കോവിഡ്‌ വാക്‌സിൻ നൽകി. 15–-18 പ്രായത്തിൽ 61 ശതമാനം (9,24,531) പേർ കുത്തിവയ്‌പെടുത്തു. വ്യാഴാഴ്‌ച 15,388 പേർ കോവിഡ്‌മുക്തരായി. തിരുവനന്തപുരം 1701, കൊല്ലം 519, പത്തനംതിട്ട 492, ആലപ്പുഴ 437, കോട്ടയം 3300, ഇടുക്കി 369, എറണാകുളം 4216, തൃശൂർ 1072, പാലക്കാട് 476, മലപ്പുറം 652, കോഴിക്കോട് 1351, വയനാട് 142, കണ്ണൂർ 317, കാസർകോട്‌ 344 എന്നിങ്ങനെ.  ആകെ രോഗമുക്തർ 52,59,594. സംസ്ഥാനത്തെ ആകെ കോവിഡ്‌ മരണം 51,501. വ്യാഴം കോവിഡ്‌ സ്ഥിരീകരിച്ച 46,387 ൽ  43,176 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം.  172പേർ സംസ്ഥാനത്തിന് പുറത്തുനിന്ന്‌ വന്നവരാണ്. 2654 പേരുടെ  ഉറവിടം വ്യക്തമല്ല. 385 ആരോഗ്യ പ്രവർത്തകർക്കും രോഗമുണ്ട്‌. Read on deshabhimani.com

Related News