കോവിഡ്‌: യു എ ഇയിൽനിന്ന്‌ മടങ്ങിയത്‌ രണ്ടേമുക്കാൽ ലക്ഷം ഇന്ത്യക്കാർ



ദുബായ്> യുഎഇയിൽ നിന്നും രണ്ടേമുക്കാൽ ലക്ഷം ഇന്ത്യക്കാർ കോവിഡ് 19 മഹാമാരിയുടെ ഭാഗമായി നാട്ടിലേക്ക് തിരിച്ചു. നാട്ടിലേക്ക് പോകുന്നതിനായി കോൺസുലേറ്റിൽ അഞ്ച് ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്.ഇവരുടെ യാത്രാ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ കോൺസുലേറ്റിന് സാധിച്ചതായും കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. എങ്കിലും ഇനിയും ചിലർ നാട്ടിലേക്ക് പോകാൻ ബാക്കിയുണ്ട്. സാമ്പത്തിക പ്രയാസം മൂലമോ മറ്റു കാരണങ്ങൾ കൊണ്ടോ ആണ് ഇത്തരക്കാർ ഇപ്പോഴും ഇവിടെ ഉള്ളത്. ഇന്ത്യക്കാർക്ക് നാട്ടിൽ എത്തുന്നതിന് ഇപ്പോൾ ആവശ്യത്തിന് വിമാനങ്ങൾ വന്ദേഭാരത് മിഷൻ വഴി ഉണ്ടെന്നും, ദുബായ് ഷാർജ എയർപോർട്ടിൽ നിന്ന് ഓഗസ്റ്റ് 15 വരെ ഇവ ലഭ്യമാകും എന്നും കോൺസുലേറ്റ് അറിയിച്ചു. ഇതുകൂടാതെ എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ, സ്പൈസ് ജെറ്റ്, ഇൻഡിഗോ, ഗോ എയർ, വിസ്തര എന്നീ വിമാനക്കമ്പനികളും ദുബായ്, ഷാർജ, റാസൽഖൈമ എയർപോർട്ടിൽ നിന്ന് ലഭ്യമാണ്. 2020 മാർച്ച് ഒന്നിന് വിസിറ്റ് വിസയുടെ കാലാവധി തീർന്നവർ ഓഗസ്റ്റ് 10ന് മുമ്പ് നാടു വിടണമെന്നാണ് യുഎഇ സർക്കാർ പറഞ്ഞിട്ടുള്ളത് . അല്ലാത്തപക്ഷം ഇവർക്ക് പിഴ ലഭിക്കും. വിസിറ്റ് വിസയിൽ എത്തിയ എല്ലാവരും യുഎഇ സർക്കാർ അനുവദിച്ച സമയത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങി പോകണമെന്നും നാട്ടിലേയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക് കോൺസുലേറ്റിലെ വെബ്സൈറ്റ് മുഖേന ബന്ധപ്പെടണമെന്നും  കോൺസുലേറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.     Read on deshabhimani.com

Related News