കോവിഡ്‌ മരണനിരക്ക് പകുതിയായി: 52% മരണകാരണം പ്രമേഹവും രക്തസമ്മർദവും



തിരുവനന്തപുരം നിതാന്ത ജാഗ്രതയും മെച്ചപ്പെട്ട ചികിത്സാ സംവിധാനവും  സംസ്ഥാനത്ത്‌ കോവിഡ്‌ മരണ നിരക്ക്‌ (സിഎഫ്‌ആർ) മൂന്നു മാസത്തിനിടെ പകുതിയായി കുറച്ചു. മരിച്ചവരിൽ മൂന്നിലൊന്നുമാത്രമാണ്‌ അനുബന്ധ രോഗമില്ലാത്തവർ. പ്രമേഹവും രക്തസമ്മർദവുമുള്ളവരിൽ രോഗം വഷളായതിനാലാണ്‌ ഭൂരിപക്ഷം മരണവും എന്നാണ്‌ കണ്ടെത്തൽ. ജൂൺ 18 മുതൽ സെപ്തംബർ ആദ്യംവരെയുള്ള ആരോഗ്യ വകുപ്പിന്റെ വിശകലനത്തിലാണിത്‌. ജൂണിൽ ചില ദിവസം സിഎഫ്‌ആർ 1.3ൽ എത്തിയപ്പോൾ ആഗസ്ത്‌ അവസാനം 0.3 ആയി താഴ്‌ന്നു. മൂന്നാഴ്‌ചത്തെ ശരാശരി ഒന്നിൽനിന്ന്‌ 0.69 ആയും കുറഞ്ഞു. ഈ കാലയളവിലെ 9195 കോവിഡ്‌ മരണത്തിൽ ബഹുഭൂരിപക്ഷവും പ്രമേഹം, രക്തസമ്മർദം, ഹൃദയ സംബന്ധമായ രോഗം എന്നിവ കാരണമാണ്‌. അനുബന്ധ രോഗമുള്ളവർ 6200 (67.63%). പലരും ഒന്നിലേറെ രോഗം ഉള്ളവരാണ്‌. പ്രമേഹവും രക്തസമ്മർദവും മൂലം മരിച്ചവർ 26 ശതമാനംവീതം. ഹൃദ്രോഗം മൂലം 11.07 ശതമാനം. വൃക്ക, കരൾ രോഗങ്ങൾ ഗുരുതരമായവരുമുണ്ട്‌. ആശുപത്രിയിലെത്തിക്കാതെയും വൈകിയും മരണം സംഭവിച്ചത്‌ 33.44 ശതമാനമാണ്‌. ആശുപത്രിയിൽ പോകാത്തതിനാൽ വീട്ടിൽ മരിച്ചവർ 514 പേരുണ്ട്‌. തൃശൂർ ജില്ലയിൽ 168ഉം (ആകെ 1102) കൊല്ലത്ത്‌ 70ഉം(912) എറണാകുളത്ത്‌ 53ഉം (832), പാലക്കാട്‌ 67ഉം (1071)  ഇതിൽ വരുന്നു. ജീവിതശൈലീ രോഗമടക്കം ഏതെങ്കിലും അസുഖം കാര്യമായിട്ടുള്ളവർ നിർബന്ധമായും ആശുപത്രിയിൽ പ്രവേശിക്കണമെന്ന്‌ മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പും നിരന്തരം ആവശ്യപ്പെടുന്നത്‌ ഈ സാഹചര്യത്തിലാണ്‌. -   Read on deshabhimani.com

Related News