കോവിഡ് മരണം: ധനസഹായം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു



തിരുവനന്തപുരം> കോവിഡ് മൂലം മാതാപിതാക്കള്‍ മരണമടഞ്ഞ കുട്ടികള്‍ക്കുള്ള ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ക്കായി 3 ലക്ഷം രൂപ വീതം സര്‍ക്കാര്‍ ട്രഷറി സേവിംഗ്സ് അക്കൗണ്ടില്‍ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചതിന്റെ രേഖകള്‍ കുട്ടികളുടെയും അവരുടെ നിലവിലുള്ള രക്ഷിതാവിന്റെയും സാന്നിധ്യത്തില്‍ മന്ത്രി പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നിതാ ദാസിന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മാതാപിതാക്കള്‍ അല്ലെങ്കില്‍ നിലവിലുള്ള ഏക രക്ഷിതാവ് കോവിഡ് മൂലം മരണപ്പെടുന്ന സാഹചര്യത്തില്‍ ആ കുട്ടികള്‍ക്ക് ഈ ധനസഹായ പദ്ധയുടെ പ്രയോജനം ലഭിക്കുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ ഫിക്സഡ് ഡെപ്പോസ്റ്റായി നിക്ഷേപിക്കുകയും 18 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൈമാറുന്നതാണ്. കൂടാതെ പ്രതിമാസ ധനസഹായം എന്ന നിലയില്‍ 2000 രൂപ വീതം ഈ കുട്ടികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ബിരുദതലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നല്‍കുകയും ചെയ്യും. കോവിഡ് മൂലം മാതാപിതാക്കള്‍ അല്ലെങ്കില്‍ നിലവിലുള്ള ഏകരക്ഷിതാവ് മരണപ്പെടുന്ന എല്ലാ കുട്ടികള്‍ക്കും ഈ ധനസഹായ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്താകെ 54 കുട്ടികള്‍ക്ക് ഇത്തരത്തില്‍ ധനസഹായം അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ വനിത ശിശു വികസന ഓഫീസര്‍ പി. എം. തസ്നിം, കുട്ടികളുടെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുത്തു.   Read on deshabhimani.com

Related News