കോവിഡ്‌ മരണ സർട്ടിഫിക്കറ്റ് ; ഓൺലൈൻ അപേക്ഷ ഇന്നുമുതൽ



തിരുവനന്തപുരം കോവിഡ് ബാധിച്ച്‌ മരിച്ച്‌  പട്ടികയിൽപ്പെടാത്തവരുടെ ബന്ധുക്കൾക്ക്‌ ഇന്നുമുതൽ ഓൺലൈനിൽ അപേക്ഷ നൽകാം. ഇ ഹെൽത്ത്‌ കേരളയുടെ കോവിഡ്‌ 19 ഡെത്ത്‌ ഇൻഫർമേഷൻ പോർട്ടലിൽ (covid19.kerala.gov.in/deathinfo/)  അപ്പീൽ റിക്വസ്റ്റ്‌ എന്ന ഭാഗത്താണ്‌ അപേക്ഷിക്കേണ്ടത്‌. ഡെത്ത്‌ ഇൻഫർമേഷൻ പോർട്ടലിലെ പട്ടികയിൽ പേരില്ലെങ്കിൽമാത്രം അപേക്ഷിച്ചാൽ മതിയാകും. കോവിഡ്‌ മരണ സർട്ടിഫിക്കറ്റ്‌ തിരുത്തൽ, പരാതി എന്നിവയ്‌ക്കും അപേക്ഷിക്കാം. രോഗം സ്ഥിരീകരിച്ച്‌ 30 ദിവസത്തിനുള്ളിലെ മരണവും പരിഗണിക്കും. ആദ്യമായി ചെയ്യേണ്ടത് ഇ-ഹെല്‍ത്ത് കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ മുഖേനയാണ് മരണ നിര്‍ണയത്തിനും സര്‍ട്ടിഫിക്കറ്റിനുമായി അപേക്ഷിക്കേണ്ടത്. ആദ്യമായി കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലില്‍ (https://covid19.kerala.gov.in/deathinfo) കയറി കോവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റില്‍ പേര് ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. ഇതില്‍ ഉള്‍പ്പെടാത്തവര്‍ ഉണ്ടെങ്കില്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. എങ്ങനെ അപേക്ഷിക്കണം? ആദ്യമായി https://covid19.kerala.gov.in/deathinfo എന്ന ലിങ്കില്‍ കയറി അപ്പീല്‍ റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ കാണുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് ഒ.ടി.പി. നമ്പറിനായി ക്ലിക്ക് ചെയ്യുക. മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി. നമ്പര്‍ നല്‍കി വെരിഫൈ ക്ലിക്ക് ചെയ്യണം. ഇനി വരുന്ന പേജില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണ്. തദ്ദേശ സ്ഥാപനത്തിന്റെ മരണ രജിസ്‌ട്രേഷന്‍ കീ നമ്പര്‍ ടൈപ്പ് ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അപ് ലോഡ് ചെയ്യണം. മരണ സര്‍ട്ടിഫിക്കറ്റിലെ ഇടതുവശത്ത് മുകളില്‍ ആദ്യം കാണുന്നതാണ് കീ നമ്പര്‍. തദ്ദേശ സ്ഥാപനത്തില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റിലെ പേര്, വയസ്, ജെന്‍ഡര്‍, പിതാവിന്റേയോ മാതാവിന്റേയോ ഭര്‍ത്താവിന്റേയോ പേര്, ആശുപത്രി രേഖകളിലെ മൊബൈല്‍ നമ്പര്‍, തദ്ദേശ സ്ഥാപനത്തിലെ മരണ സര്‍ട്ടിഫിക്കറ്റിലെ അഡ്രസ്, ജില്ല, തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണ ദിവസം, മരണ സ്ഥലം, മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ല, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണം സ്ഥിരീകരിച്ച ആശുപത്രി എന്നിവ നല്‍കണം. ഇതോടൊപ്പം ബന്ധപ്പെട്ട ആശുപത്രിയിലെ രേഖകളുടെ കോപ്പിയും അപ് ലോഡ് ചെയ്യണം. അവസാനമായി അപേക്ഷകന്റെ വിവരങ്ങളും നല്‍കണം. അപേക്ഷകന്‍ നല്‍കിയ വിവരങ്ങള്‍ വീണ്ടും ഒത്ത് നോക്കിയതിന് ശേഷം സബ്മിറ്റ് ചെയ്യണം. വിജയകരമായി അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അപേക്ഷാ നമ്പര്‍ അപേക്ഷകന്റെ മൊബൈല്‍ നമ്പറിലേക്ക് വരുന്നതാണ്. വിജയകരമായി സമര്‍പ്പിച്ച അപേക്ഷ പ്രോസസിംഗിനായി മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും തുടര്‍ന്ന് അംഗീകാരത്തിനായി ജില്ലാ കോവിഡ് മരണ നിര്‍ണയ സമിതിക്കും (സിഡിഎസി) അയക്കുന്നു. പുതിയ ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് ജില്ലാ കോവിഡ് മരണ നിര്‍ണയ സമിതി (സിഡിഎസി) അംഗീകാരത്തിന് ശേഷം പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. നല്‍കിയ അപേക്ഷയുടെ സ്ഥിതിയറിയാന്‍ അപ്പീല്‍ റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്ത് ചെക്ക് യുവര്‍ റിക്വസ്റ്റ് സ്റ്റാറ്റസില്‍ കയറിയാല്‍ നല്‍കിയ അപേക്ഷയുടെ സ്ഥിതിയറിയാവുന്നതാണ്. മരണ ദിവസവും അപേക്ഷാ നമ്പരോ അല്ലെങ്കില്‍ മുമ്പ് നല്‍കിയ അപേക്ഷകന്റെ മൊബൈല്‍ നമ്പരോ നിര്‍ബന്ധമായും നല്‍കണം. ശരിയായ വിവരങ്ങള്‍ നല്‍കിയാല്‍ അപേക്ഷയുടെ സ്ഥിതിയറിയാന്‍ സാധിക്കും. ഐ.സി.എം.ആര്‍. മാതൃകയില്‍ സര്‍ട്ടിഫിക്കറ്റിനായി എങ്ങനെ അപേക്ഷിക്കണം? https://covid19.kerala.gov.in/deathinfo എന്ന ലിങ്കില്‍ കയറുക. ഐ.സി.എം.ആര്‍. സര്‍ട്ടിഫിക്കറ്റ് റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്യുക. പഴയതുപോലെ മൊബൈല്‍ നമ്പരും ഒ.ടി.പി. നമ്പരും നല്‍കണം. തദ്ദേശ സ്ഥാപനത്തിന്റെ മരണ രജിസ്‌ട്രേഷന്‍ കീ നമ്പര്‍ ടൈപ്പ് ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അപ് ലോഡ് ചെയ്യണം. കൂടാതെ ഇതിന് മുമ്പ് ആരോഗ്യ വകുപ്പില്‍ നിന്നും കിട്ടിയ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് നമ്പരും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും നല്‍കണം. സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, തദ്ദേശ സ്ഥാപനത്തില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റിലെ പേര്, പിതാവിന്റേയോ മാതാവിന്റേയോ ഭര്‍ത്താവിന്റേയോ പേര്, വയസ്, മരണ ദിവസം, മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ല, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, അപേക്ഷകന്റെ വിവരം എന്നിവ നല്‍കണം. വേണ്ട തിരുത്തലുകള്‍ വരുത്തി സബ്മിറ്റ് ചെയ്യാം. വിജയകരമായി സമര്‍പ്പിച്ചവരുടെ മൊബൈല്‍ നമ്പരില്‍ അപേക്ഷാ നമ്പര്‍ ലഭിക്കും. ഇത് അംഗീകാരത്തിനായി ജില്ലാ കോവിഡ് മരണ നിര്‍ണയ സമിതിക്ക് (സിഡിഎസി) അയച്ച ശേഷം ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് പുതിയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്. Read on deshabhimani.com

Related News