കോവിഡ്‌ കേസുകൾ വീണ്ടും ഉയരുന്നു



ന്യൂഡൽഹി> രാജ്യത്ത്‌ മൂന്ന്‌ മാസക്കാലയളവിനിടയിലെ ഉയർന്ന പ്രതിദിന കോവിഡ്‌ കേസുകൾ ശനിയാഴ്‌ച്ച റിപ്പോർട്ട്‌ ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിൽ 8,439 കോവിഡ്‌ കേസുകളാണ്‌ രാജ്യത്ത്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. ഫെബ്രുവരി 28ന്‌ 8,013 കേസുകൾ റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ലോകമുടനീളം പുതിയ വൈറസ്‌ വകഭേദങ്ങൾ പടരുന്നതായി റിപ്പോർട്ടുകളുള്ള സാഹചര്യത്തിൽ ഉയർന്ന പ്രതിദിന രോഗസംഖ്യ നാലാംതരംഗത്തെ കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കി. അതേസമയം, പുതിയ രോഗികളിൽ അധികം പേർക്കും തീവ്രരോഗലക്ഷണങ്ങൾ ഇല്ലാത്തത്‌ ആശ്വാസകരമാണ്‌. ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണവും മരണസംഖ്യയും താരതമ്യേന കുറവാണ്‌. കഴിഞ്ഞ 24 മണിക്കൂറിൽ 10 മരണങ്ങളാണ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ളത്‌. ഇതോടെ മൊത്തം മരണസംഖ്യ 5,24,757 ആയി ഉയർന്നു. ചികിത്സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 40,000 കടന്നു. 24 മണിക്കൂറിൽ 4, 216 പേർ രോഗമുക്തരായി. പ്രതിദിന പോസിറ്റവിറ്റി നിരക്ക്‌ 2.41 ശതമാനവും പ്രതിവാര നിരക്ക്‌ 1.75 ശതമാനവുമാണ്‌. മഹാരാഷ്ട്രയിലാണ്‌ കൂടുതൽ പുതിയ രോഗികൾ- 3,081. മുംബൈയിൽ മാത്രം 2,000 പേർ രോഗബാധിതരായി. പുതിയ കേസുകൾ ഉയരുന്നുണ്ടെങ്കിലും തൽക്കാലം നിയന്ത്രണങ്ങൾ കർശനമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്‌ ബൃഹൻ മുംബൈ മുൻസിപ്പൽ കോർപറേഷൻ അറിയിച്ചു. അതേസമയം, പുതിയ രോഗബാധിതരുടെ എണ്ണം കൂടിയാൽ നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരുമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം വൃത്തങ്ങൾ പ്രതികരിച്ചു. Read on deshabhimani.com

Related News