തിരുവനന്തപുരത്ത്‌ കെഎസ്‌യു പ്രസിഡന്റിനും കോവിഡ്‌ പോസി‌റ്റീവ്‌; വൈറസ്‌ പടർത്തി പ്രതിഷേധക്കാർ



തിരുവനന്തപുരം > സംസ്ഥാനത്ത്‌ കോവിഡ്‌ പടർത്തി പ്രതിഷേധങ്ങൾ. തൃശൂരിന്‌ പിന്നാലെ തലസ്ഥാനജില്ലയിലും സമരത്തിൽ പങ്കെടുത്തയാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. സെക്രട്ടറിയറ്റിന്‌ മുന്നിലെ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത കെഎസ്‌യു ജില്ലാ പ്രസിഡന്റിനാണ്‌ കോവിഡ്‌. കെഎസ്‌യു തിരുവനന്തപുരം ജില്ലാപ്രസിഡന്റ്‌ സെയ്‌ദലി  കായ്‌പ്പാടിയുടെ പരിശോധനാ ഫലം പോസി‌റ്റീവായി. ഇതോടെ ഇദ്ദേഹത്തിനൊപ്പം സമരത്തിൽ പങ്കെടുത്തവരും സമരകേന്ദ്രങ്ങളിലുണ്ടായിരുന്ന പൊലീസുകാരും കോവിഡ്‌ ഭീഷണിയിലായി. 14ാം തിയതി വരെ നടന്ന സമരങ്ങളിൽ സജീവമായി സെയ്‌ദലി പങ്കെടുത്തിരുന്നു. നേതാക്കളോടും അണികളോടും അടുത്തിടപഴകുകയും ചെയ്‌തു. 15ാം തീയതി ഇയാൾ സ്വയം നിരീക്ഷണത്തിൽ പോയി. ശനിയാഴ്‌ച കോവിഡ്‌ പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു. ഈ വിവരം ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലൂടെ സെയ്‌ദലി തന്നെയാണ്‌ അറിയിച്ചത്‌. അടുത്തിടെ തൃശൂർ മണ്ണുത്തിയിൽ സർക്കാരിനെതിരായ സമരങ്ങളിൽ പങ്കെടുത്ത കോൺഗ്രസ്‌ പ്രവർത്തകരുടെ സമ്പർക്കംവഴി 28 പേർക്ക്‌ കോവിഡ്‌ ബാധിച്ചിരുന്നു. കോവിഡ്‌ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ്‌ സംസ്ഥാനത്ത്‌ കോൺഗ്രസ്‌, യൂത്ത്‌ കോൺഗ്രസ്‌, കെഎസ്‌യു, ബിജെപി സംഘടനകളുടെ സമരവും പ്രതിഷേധവും. മാസ്‌ക്‌ ധരിക്കാൻ പോലും പ്രതിഷേധക്കാർ തയ്യാറാകുന്നില്ല. കോവിഡ്‌ മാർഗനിർദേശങ്ങൾ ലംഘിച്ചുള്ള പ്രതിഷേധങ്ങൾക്ക്‌ എതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതിയും രംഗത്തെത്തി. ഇത്തരത്തിൽ സമരം സംഘടിപ്പിക്കുന്നവർക്ക്‌ എതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന്‌  ഹൈക്കോടതി നിർദേശിച്ചു. Read on deshabhimani.com

Related News