78 സജീവ ക്ലസ്റ്റർ; അതിതീവ്ര വ്യാപനസാധ്യത



തിരുവനന്തപുരം > മൂന്നാഴ്‌ചയ്ക്കുള്ളിൽ സംസ്ഥാനത്ത്‌ കോവിഡിന്റെ അതിതീവ്ര വ്യാപനസാധ്യതയെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു. 78 ക്ലസ്റ്റർ സജീവമായുണ്ട്‌. പുതിയ 15  എണ്ണംകൂടി രൂപപ്പെട്ടു.  സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണം –- പത്തനംതിട്ടയിൽ മാധ്യമങ്ങളോട്‌  മന്ത്രി പറഞ്ഞു. വിദ്യാഭ്യാസസ്ഥാപനം, ഹോസ്റ്റൽ എന്നിവ ക്ലസ്റ്ററായി മാറുന്നുണ്ട്‌. ആവശ്യമെങ്കിൽ സ്ഥാപനം അടയ്‌ക്കണം. ഡെൽറ്റയ്‌ക്കൊപ്പം ഒമിക്രോൺ വകഭേദവും ഉണ്ട്‌. ഒമിക്രോണിന്റെ കാര്യത്തിൽ മണവും രുചിയും നഷ്ടമാകുന്ന ലക്ഷണം കുറവാണ്‌. അതുകൊണ്ട്‌ കോവിഡില്ല എന്ന്‌ സ്വയം തീരുമാനിക്കരുത്‌. പനിയോ മറ്റ്‌ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ പരിശോധിക്കണം.  സ്വയം പ്രതിരോധം ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. മരുന്നുക്ഷാമം ഇല്ല സംസ്ഥാനത്ത്‌ കോവിഡിന്റെയടക്കമുള്ള മരുന്നുകൾക്ക്‌  ക്ഷാമം ഇല്ലെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു.  വാർത്ത വ്യാജമാണ്‌. രോഗം ഗുരുതരമാകുന്നവർക്ക്‌ പ്രത്യേക തീരുമാനപ്രകാരമാണ്‌ മോണോക്ലോണൽ ആന്റിബോഡി നൽകുന്നത്‌. ഒന്നര ലക്ഷത്തോളം വിലയുള്ള ഈ മരുന്ന്‌ ആവശ്യാനുസരണം മാത്രമാണ്‌ വാങ്ങുക. മരുന്നുകൾ കാലഹരണപ്പെട്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ്‌ ഇത്‌.  കഴിഞ്ഞ ദിവസം ഓർഡർ ചെയ്‌ത‌വ എത്തിയിട്ടുണ്ട്‌. റെംഡിസവിർ മരുന്ന്‌ ആവശ്യത്തിനുണ്ട്‌. ചില പരാതികൾ ഉണ്ടായതോടെ ആന്റിറാബിസ് മരുന്ന്‌ ലഭ്യമാക്കാൻ മറ്റൊരു കമ്പനിയോട്‌ പറഞ്ഞിട്ടുണ്ട്‌–-മന്ത്രി വ്യക്തമാക്കി. Read on deshabhimani.com

Related News