കോവിഡ് പ്രതിരോധത്തിന് 2948 താത്ക്കാലിക തസ്‌തികകള്‍ കൂടി സൃഷ്‌ടിച്ച്‌ സർക്കാർ



തിരുവനന്തപുരം > സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം 2948 താത്ക്കാലിക തസ്‌തികകള്‍ കൂടി സൃഷ്‌ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ സൃഷ്ടിച്ച 3770 തസ്‌തികകള്‍ക്ക് പുറമേയാണിത്. ഇതോടെ 6700 ഓളം താത്ക്കാലിക തസ്‌തികകളാണ് ആരോഗ്യ വകുപ്പില്‍ അടുത്തിടെ സൃഷ്ടിച്ചത്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം മലയാളികള്‍ എത്തുന്ന സാഹചര്യത്തിലാണ് ഇത്രയേറെ തസ്തികള്‍ അടിയന്തരമായി വീണ്ടും സൃഷ്‌ടിച്ചത്. ഈ വരുന്നവര്‍ക്ക് ഫസ്റ്റ് ലൈന്‍ കെയര്‍ സെന്റര്‍, കോവിഡ് കെയര്‍ സെന്ററുകള്‍, കോവിഡ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മികച്ച പരിചരണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇവരെ നിയമിക്കുന്നത്. 38 ഡോക്ടര്‍മാര്‍, 15 സ്‌പെഷ്യലിസ്റ്റുകള്‍, 20 ഡെന്റല്‍ സര്‍ജന്‍, 72 സ്റ്റാഫ് നഴ്‌സുമാര്‍, 169 നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, 1259 ജെ.എച്ച്.ഐ.മാര്‍, 741 ജെ.പി.എച്ച്.എന്‍.മാര്‍, 358 ക്ലീനിംഗ് സ്റ്റാഫുകള്‍ തുടങ്ങി 21 ഓളം വിവിധ തസ്തികളാണ് സൃഷ്ടിച്ചത്. നേരത്തെ 276 ഡോക്ടര്‍മാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആശുപത്രിക്കായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു. അഡ്‌ഹോക്ക് നിയമനവും നടത്തി. ഇതുകൂടാതെയാണ് താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. ഇതോടെ സ്ഥിരവും താത്ക്കാലികവുമായ 8229 ലധികം തസ്‌തികകളാണ് ഈ കാലയളവില്‍ സൃഷ്ടിച്ചത്.    Read on deshabhimani.com

Related News