ലോക്‌ ഡൗൺ : കരുതലോടെയാകാം കച്ചവടം ; കച്ചവടസ്ഥാപനങ്ങൾക്കുള്ള മാർഗനിർദേശം



സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി ലോക്‌ ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കച്ചവടസ്ഥാപനങ്ങൾക്കുള്ള മാർഗനിർദേശം ആരോഗ്യവകുപ്പ്‌ പുറപ്പെടുവിച്ചു. ചെറിയ കടകൾമുതൽ ഷോപ്പിങ് മാളുകൾക്കുവരെ മാർഗനിർദേശം ബാധകമാണ്. എല്ലാ കടകളും കച്ചവടസ്ഥാപനങ്ങളും കൈ കഴുകാൻ സൗകര്യം ഒരുക്കണം. ജീവനക്കാരും ഉപഭോക്താക്കളും തമ്മിലും ഉപഭോക്താക്കളും ഉപഭോക്താക്കളും തമ്മിലും കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണം. പ്രവേശനകവാടങ്ങളിലും കൗണ്ടറുകളിലും ഹാൻഡ് സാനിറ്റൈസർ സൂക്ഷിക്കണം. ക്യാഷ് കൗണ്ടറിൽ ഇരിക്കുന്നവരും ഉപഭോക്താക്കളും ഓരോ ഇടപാടിനുശേഷവും സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.  ഓൺലൈൻ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കണം. തൊഴിലാളികൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെന്ന് ദിവസവും ഉറപ്പാക്കണം. രോഗലക്ഷണമുള്ളവരെ ജോലിക്ക് വരാൻ അനുവദിക്കരുത്. കോവിഡ് ബാധിത പ്രദേശങ്ങളിൽനിന്ന് വന്നവരോ അവരുമായി സമ്പർക്ക ലിസ്റ്റിലുള്ളവരോ വീട്ടിലെ നിരീക്ഷണത്തിലുള്ളവരോ സ്ഥാപനത്തിലുണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ അറിയിക്കണം. ഉടൻ സ്ഥാപനം അടയ്ക്കുകയും ചെയ്യണം. ഷേക്ക് ഹാൻഡും ഒഴിവാക്കണം. ദിശയുടെയും ജില്ലാ കൺട്രോൾ റൂമിന്റെയും നമ്പരുകൾ സ്ഥാപനങ്ങൾ പ്രദർശിപ്പിക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഫോൺ: 1056, 0471  2552056.   Read on deshabhimani.com

Related News