ഐസൊലേഷൻ വാർഡുകളൊരുക്കാൻ മുന്നിട്ടിറങ്ങി ഡിവൈഎഫ്ഐ; അതിജീവന പോരാട്ടത്തിൽ സഹായിക്കാൻ പ്രതിജ്ഞാബദ്ധം



തിരുവനന്തപുരം > ഐസൊലേഷൻ വാർഡുകളൊരുക്കാൻ സന്നദ്ധതയോടെ ഡിവൈഎഫ്ഐ. അസാധാരണമായ സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ദുരന്തമുഖങ്ങളിൽക്കൂടി ഒരു ജനത സഞ്ചരിക്കുമ്പോൾ കരുതലായ് അതിജീവനത്തിൻ്റെ അസാമാന്യ കരുത്തോടുകൂടി കർമ്മനിരതമാകുകയാണ് ഡിവൈഎഫ്ഐ. കോവിഡ് 19 ബാധിത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിൻ്റെ ഒപ്പം ഐസൊലേഷൻ കേന്ദ്രങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ. ശുചീകരണ പ്രവർത്തനങ്ങൾ, പെയിന്റിംഗ്, പ്ലംബിംഗ്, വയറിംഗ് തുടങ്ങി എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത് ചെയ്യുകയാണ് ഡിവൈഎഫ്ഐ. മഹാമാരിയെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് കേരള യുവത. പത്തനംതിട്ടയിൽ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽതന്നെ സംസ്ഥാനത്തെ ആദ്യത്തെ ഐസൊലേഷൻ ആശുപത്രിയായി  തിരഞ്ഞെടുത്ത പൂട്ടിക്കിടന്ന പന്തളം അര്‍ച്ചന ഹോസ്പിറ്റല്‍, റാന്നി മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ എന്നിവ സജ്ജമാക്കാൻ ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. കൂടുതൽ ജില്ലകളിലേക്ക് വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നസാഹചര്യത്തിൽ  കൂടുതൽ ഐസൊലേഷൻ വാർഡുകൾ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സർക്കാരിനെ സഹായിക്കാൻ മുന്നോട്ട് വന്നത്. സംസ്ഥാനത്ത് 47 ഐസൊലേഷൻ കേന്ദ്രങ്ങൾ  പ്രവർത്തന സജ്ജമാക്കാൻ  ഡിവൈഎഫ്ഐ പ്രവർത്തകർ സഹായം ലഭ്യമാക്കി . കൂടുതൽ പ്രതിസന്ധി നേരിടുന്ന കാസർഗോഡ് ജില്ലയിൽ മാത്രം 26 ഐസൊലേഷൻ  കേന്ദ്രങ്ങളിലാണ്   ഡിവൈഎഫ്ഐ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഇടുക്കി ജില്ലയിലെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഏഴ് നിലയുള്ള കെട്ടിടം അഞ്ചു മണിക്കൂർകൊണ്ടാണ് നൂറോളം ഡിവൈഎഫ്ഐ പ്രവർത്തകർ ശുചീകരിച്ചത്. കണ്ണൂർ ജില്ലയിൽ തിരഞ്ഞെടുത്ത ഏഴോളം കെട്ടിടങ്ങൾ ശുചീകരിച്ച് ഐസൊലേഷൻ കേന്ദ്രങ്ങൾ ഒരുക്കി. തിരുവനന്തപുരം ജില്ലയിൽ 2, പത്തനംതിട്ടയിൽ 3, ഇടുക്കി 2, എറണാകുളം 1, തൃശൂർ 3, മലപ്പുറം 3 കേന്ദ്രങ്ങളിലും  സർക്കാരിനെ സഹായിച്ചു കൊണ്ട്  പൂർണ്ണ സജ്ജമായ ഐസൊലേഷൻ കേന്ദ്രങ്ങൾ  ഒരുക്കിയിട്ടുണ്ട്. ദുരിതകാലത്തും സമാനതകളില്ലാത്ത പ്രവർത്തനങ്ങളുമായി മാതൃകയാകുകയാണ് ഡിവൈഎഫ്ഐ. ഇനിയും അതിജീവന പോരാട്ടത്തിൽ തദ്ദേശ വകുപ്പിനെയും ആരോഗ്യ വകുപ്പിനെയും സഹായിക്കാൻ ഡിവൈഎഫ്ഐ പ്രതിജ്ഞാബദ്ധമാണെന്ന്  സംസ്ഥാന സെക്രട്ടറി എ എ റഹിം അറിയിച്ചു. Read on deshabhimani.com

Related News