കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ മികച്ച രീതിയിലാണ് നടന്നുവരുന്നത്: ആരിഫ് മുഹമ്മദ് ഖാന്‍



തൃശൂര്‍> കേരളത്തില്‍ മികച്ച രീതിയിലാണ് കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ നടത്തിവരുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന ജനസംഖ്യയുടെ 92.66 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും പകുതിയോളം പേര്‍ക്ക് രണ്ടാം ഡോസും നല്‍കാനായത് വലിയ നേട്ടമാണ്. കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ പതിനാലാമത്  ബിരുദദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.    വാക്‌സിന്‍ വയലുകളുടെ കാര്യക്ഷമമായ ഉപയോഗം ഉള്‍പ്പെടെ മികച്ച രീതിയില്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തിയതാണ് കേരളത്തെ ഇന്ത്യാ ടുഡേയുടെ ഹെല്‍ത്ത് ഗിരി അവാര്‍ഡിന് അര്‍ഹമാക്കിയതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും ആരോഗ്യ വകുപ്പിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് മികച്ചതും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ കേരളം ഏറെ മുന്നിലാണ്. മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിലും പട്ടിണി കുറക്കുന്നതിലും ലിംഗസമത്വം കൈവരിക്കുന്നതിലും ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിലും കേരളം മികച്ച നേട്ടമാണ് കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.   14,229 വിദ്യാര്‍ഥികള്‍ക്കാണ് ഗവര്‍ണര്‍ ബിരുദം സമ്മാനിച്ചത്. സര്‍വലാശാല നല്‍കുന്ന ഡോക്ടര്‍ ഓഫ് സയന്‍സസ് ഓണററി ബിരുദം വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവി പ്രഫ. ഡോ. പോള്‍ സ്വാമിദാസ് സുധാകര്‍ റസലിന് ഗവര്‍ണര്‍ സമ്മാനിച്ചു. റാങ്ക് ജേതാക്കള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിച്ചു. സര്‍വകലാശാലയ്ക്കു കീഴിലെ വിദ്യാര്‍ഥികള്‍ ഒപ്പുവച്ച സ്ത്രീധന വിരുദ്ധ പ്രഖ്യാപനം രജിസ്ട്രാര്‍ ഗവര്‍ണര്‍ക്ക് കൈമാറി.   സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍, പ്രൊ വൈസ് ചാന്‍സലര്‍  ഡോ. സി പി വിജയന്‍, രജിസ്ട്രാര്‍  ഡോ. എ കെ  മനോജ് കുമാര്‍, പരീക്ഷാ  കണ്‍ട്രോളര്‍  ഡോ. എസ് അനില്‍ കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ പി രാജേഷ്  തുടങ്ങിയവര്‍ പങ്കെടുത്തു   Read on deshabhimani.com

Related News